പയ്യോളിയിലെ വയോജനങ്ങള്‍ക്ക് ആശ്വാസം; പയ്യോളി നഗരസഭ ഇരിങ്ങല്‍ ‘പകല്‍വീട്’ നാടിന് സമര്‍പ്പിച്ച് മന്ത്രി എം ബി രാജേഷ്


പയ്യോളി: നഗരസഭയുടെ ഇരിങ്ങലില്‍ നിര്‍മ്മിച്ച പകല്‍ വീട് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. 72 ലക്ഷം രൂപയാണ് എം.എല്‍.എ മാരുടെ ആസ്തി വികസനഫണ്ടില്‍ നിന്നും പകല്‍ വീട് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചത്.

വയോജനങ്ങളുടെ ക്ഷേമത്തിന് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്കുന്നതെന്നും വയോജനങ്ങളുടെ ക്ഷേമത്തിന് വികസിത രാജ്യങ്ങള്‍ നല്കുന്ന അതേ പരിഗണന തന്നെയാണ് ഇത്തരം രാജ്യങ്ങളിലെ ആരോഗ്യ നിലവാരത്തിന് സമാനമായ കേരളവും നല്കുന്നതെന്നും മന്ത്രി പറഞ്ഞു.

നല്ല പ്രായത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് ജീവിത സായാഹ്നങ്ങളില്‍ ഒന്നും ചെയ്യാനില്ലെന്ന തോന്നല്‍ ഒഴിവാക്കാനും, മക്കളില്‍ നിന്ന് അകന്ന് ഒറ്റപ്പെട്ട് കഴിയുന്നവര്‍ക്കും പകല്‍ വീട് വലിയ ആശ്വാസമാകും. ഇവരുടെ കഴിവ് വികസന പ്രവര്‍ത്തനത്തിന് മുതല്‍കൂട്ടാവും. മുന്‍ എം.എല്‍ എ കെ.ദാസന്റെ ആസ്തി വികസന ഫണ്ടും ഇപ്പോഴത്തെ എം.എല്‍.എ കാനത്തില്‍ ജമിലയുടെ ആസ്തി വികസന ഫണ്ടും ഉപയോഗിച്ചാണ് പകല്‍ വീട് പൂര്‍ത്തിയാക്കിയത് എന്നത് വികസന തുടര്‍ച്ചയാണ് കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മാലിന്യം വലിച്ചെറിഞ്ഞാല്‍ സ്‌പോട്ട് ഫൈന്‍ 5000 രൂപയും ജലാശയത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചാല്‍ 1 ലക്ഷം രൂപ പിഴ ചുമത്തുന്ന നിയമവും പ്രാബല്യത്തിലായെന്നും എം.ബി രാജേഷ് പറഞ്ഞു. 72 ലക്ഷം രൂപയാണ് എം.എല്‍.എ മാരുടെ ആസ്തി വികസനഫണ്ടില്‍ നിന്നും പകല്‍ വീട് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചത്.

എം.എല്‍ എ കാനത്തില്‍ ജമീല ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി.ഡബ്‌ളൂ .ഡി എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ വിനോദ് കുമാര്‍ കെ.പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എം.എല്‍ എ.കെ ദാസന്‍, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്‍മാരായ മുഹമ്മദ് അഷ്‌റഫ്, മഹിജ എളോടി, പി.എം ഹരിദാസന്‍, ഷെജ്മിന അസ്സയിനാര്‍, പി.എം റിയാസ,് നഗരസഭ സെക്രട്ടറി വിജില എം, കൗണ്‍സിലര്‍മാരായ ടി. ചന്തുമാസ്റ്റര്‍, ടി.അരവിന്ദാക്ഷന്‍, ചെറിയാ വി. സുരേഷ് ബാബു, നിഷാ ഗിരീഷ് എന്നിവരും പി.എം വേണുഗോപാല്‍, പുത്തുക്കാട്ട് രാമകൃഷ്ണന്‍, കെ.എം ശ്രീധരന്‍, ഹുസൈന്‍ എം.പി, അനില്‍ കുമാര്‍, രാജന്‍ കൊളാവിപ്പാലം, കെ.കെ കണ്ണന്‍, എം. റഷീദ്, നിധീഷ് പി.വി, രാജേഷ് കൊമ്മണത്ത് വിജീഷ് ചാത്തോത്ത് എന്നിവരും സംസാരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ പത്മശ്രീ പള്ളി വളപ്പില്‍ സ്വാഗതവും കൗണ്‍സിലര്‍ മഞ്ജുഷ ചെറുപ്പനാരി നന്ദിയും പറഞ്ഞു.