‘മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു, നിയമപരമായി നടപടി സ്വീകരിക്കാന്‍ തീരുമാനം’; കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രം സന്ദര്‍ശിച്ച് മന്ത്രി എ.കെ ശശീന്ദ്രന്‍


കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ സംഭവത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ സ്ഥലം സന്ദര്‍ശിച്ചു. ക്ഷേത്രം കമ്മിറ്റി ഭാരവാഹികളുമായി സംസാരിച്ച ശേഷം അപകടത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചു. ക്ഷേത്രത്തിലെ തകര്‍ന്ന കെട്ടിടം ഉള്‍പ്പെടെ മന്ത്രി സന്ദര്‍ശിച്ചു.

സംഭവത്തില്‍ ഇന്നലെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ക്ഷേത്രം ഭാരവാഹികളെ ഉള്‍പ്പടെ പ്രതി ചേര്‍ക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ മന്ത്രി നടത്തി. ഇന്നലെ രാവിലെ 11 മണിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് നാട്ടാന പരിപാലന ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവച്ചിട്ടുണ്ടെന്നും വെടിക്കെട്ട് സംബന്ധിച്ച് വേണ്ടത്ര ശ്രദ്ധ കാണിച്ചില്ലെന്ന് ജില്ലാ ഭരണകൂടവും അഭിപ്രായം പ്രകടപ്പിച്ചിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ നിയമപരമായി നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. വെടിക്കെട്ടുമായി ബന്ധപ്പെട്ട് ജില്ലാ മോണിറ്റിംഗ് കമ്മിറ്റി പ്രത്യേകം പരിശോധന നടത്തേണ്ടതുണ്ടെന്നും അവരാണ് എഴുന്നള്ളിപ്പിനുള്ള അന്തിമ അനുവാദം നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു.

ക്ഷേത്രം ഭാരവാഹികള്‍ മനപ്പൂര്‍വ്വം വരുത്തിവച്ചതല്ലെങ്കിലും നിയമപരമായി തന്നെ മുന്നോട്ടുപോകുവാനാണ് തീരുമാനമെന്ന് ക്ഷേത്രം ഭാരവാഹികളെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ക്ക് നിയമപരമായി കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ആരെയും സഹായിക്കാതെ ആരെയും ശിക്ഷിക്കാതെ സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി ശരിയായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരിക്കേറ്റവരുടെ കാര്യത്തില്‍ ക്ഷേത്രഭാരവാഹികള്‍ ശ്രദ്ധചെലുത്തുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ മരിച്ചവരുടെ വീട്ടുകാരുടെ ദുഖത്തില്‍ താനും സര്‍ക്കാരും പങ്ക് ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വെടിക്കെട്ടിന്റെ ശബ്ദം ആനകളെ പരിഭ്രാത്തിനിടിയാക്കി എന്നാണ് റിപ്പോര്‍ട്ട്. നിയമപരമായി മുന്നോട്ടുപോകുമ്പോള്‍ അന്വേഷണത്തിനൊടുവില്‍ കുറ്റവാളികളെ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Summary: Minister AK Saseendran visited the place where the elephant fell during the Manakulangara temple festival.