എട്ട് വർഷം കഴിഞ്ഞിട്ടും മേപ്പയൂർ-നെല്ല്യാടി-കൊല്ലം റോഡ് നവീകരണം എങ്ങുമെത്തിയില്ല; പ്രതിഷേധം ശക്തം, സെപ്തംബര്‍ 2ന് പേരാമ്പ്ര എംഎൽഎ ഓഫീസിലേക്ക് യു.ഡി.എഫ് മാര്‍ച്ച്
മേപ്പയൂർ: ഒന്നാം പിണറായി സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ച മേപ്പയൂർ – നെല്ല്യാടി – കൊല്ലം റോഡിൻ്റെ വികസനം എട്ട് വർഷം കഴിഞ്ഞിട്ടും പ്രാരംഭ പ്രവൃത്തി പോലും നടക്കാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ടി.പി രാമകൃഷ്ണൻ എംഎൽഎയുടെ ഓഫീസിലേക്ക് സെപ്തംബര്‍ 2ന് മാർച്ച് നടത്തും. മേപ്പയൂർ, കീഴരിയൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റികൾ ചേർന്നാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
മേപ്പയൂർ ഇന്ദിരാഭവനിൽ സംഘടിപ്പിച്ച ഇരുപഞ്ചായത്തുകളിലേയും യുഡിഎഫ് പ്രവർത്തകർ പങ്കെടുത്ത കൺവൻഷനിലാണ് മാര്‍ച്ച് തീരുമാനിച്ചത്. ഒന്നാം പിണറായി സർക്കാരിൽ മന്ത്രി ആയിരിക്കെ വളരെ കൊട്ടിഘോഷിച്ച് ടി.പി രാമകൃഷ്ണൻ്റെ ഭരണ നേട്ടമാക്കി നാടുനീളെ പോസ്റ്റർ പതിച്ച് പ്രചാരണം നടത്തിയ റോഡ് വികസനം വെറും കാപട്യമായിരുന്നെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.
മേപ്പയൂരിൽ നിന്ന് നെല്ലാടി പാലം വഴി കൊല്ലം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന 9.6 കി.മി നീളുന്ന റോഡ് ഏറ്റവും ആകർഷകമായി ആധുനിക നിലവാരത്തിലാക്കാന്‍ 39 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചു എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിലും പ്രദേശത്തും ഭരണ നേട്ടമായി സിപിഎം പ്രചരിപ്പിച്ചിരുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. നിലവിലുള്ള റോഡ് 10 മീറ്ററായി ഇരുഭാഗത്തും വീതി വർദ്ധിപ്പിച്ച് നവീകരിക്കുമെന്നും വീതി കുറഞ്ഞ ഭാഗങ്ങളിൽ ആവശ്യമായ വീതി ലഭിക്കാൻ ഭൂമി വിട്ടു നൽകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ 5 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും പുതിയ റോഡ് 7 മീറ്റർ വീതിയിൽ ടാര്‍ ചെയ്യുമെന്നും ഇരുഭാഗത്തും ഡ്രെയിനേജ് സംവിധാനത്തോടെ 20 കള്‍വെര്‍ട്ടുകള്‍ പണിയുമെന്നും 19 എണ്ണത്തിന്റെ നീളം വര്‍ദ്ധിപ്പിച്ച് 22 ബസ് ഷെല്‍ട്ടറുകൾ സ്ഥാപിക്കുമെന്നുമായിരുന്നു റോഡ് വികസനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം.
എന്നാൽ എട്ടു വർഷം കഴിഞ്ഞിട്ടും എംഎൽഎ ടി.പി രാമകൃഷ്ണൻ പ്രഖ്യാപിച്ച റോഡ് വികസനം നടന്നില്ലെന്നും, മാത്രമല്ല കുണ്ടും കുഴിയുമായി മാറിയ റോഡിൽ വാഹന അപകടങ്ങളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണവും
കൂടി വന്നതോടെയാണ് രണ്ടു പഞ്ചായത്തിലെ യുഡിഎഫ് പ്രവർത്തകർ ഒന്നിച്ചുള്ള എംഎൽഎ ഓഫീസ് മാർച്ച് സംഘടിപ്പിക്കാൻ യുഡിഎഫ് കൺവൻഷൻ തീരുമാനിച്ചത്.
പേരാമ്പ്ര നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ ടി.കെ ഇബ്രാഹിം കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കീഴരിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി രാമചന്ദ്രൻ, മേപ്പയൂർ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ, മേപ്പയൂർ പഞ്ചായത്ത് യുഡിഎഫ് കൺവീനർ എം.കെ അബ്ദുറഹിമാൻ, മേപ്പയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ അനീഷ്, കീഴരിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് ടി.യു സൈനുദ്ദീൻ, ടി.എം അബ്ദുല്ല, റസാഖ് കുന്നുമ്മൽ, സി.പി നാരായണൻ, ജി.പി പ്രീജിത്ത്, അന്തേരി ഗോപാലക്യഷ്ണൻ, കെ.എം വേലായുധൻ, ഒ.കെ കുമാരൻ എന്നിവർ പ്രസംഗിച്ചു.
Description: Meppayur-Nelliadi-Kollam road work; On September 2, UDF’s MLA office march