യമനില്‍ ഹൂദി വിമതസേന ബന്ധിയാക്കിയ കപ്പല്‍ ജീവനക്കാരനായ മേപ്പയ്യൂര്‍ സ്വദേശിയുടെ മോചനവും കാത്ത് ബന്ധുക്കള്‍
കൊയിലാണ്ടി: യു.എ.ഇ ചരക്കു കപ്പല്‍ തട്ടിയെടുത്ത് ഹൂദി വിമത സേന ബന്ധിയാക്കിയ കപ്പല്‍ ജീവനക്കാരില്‍ ഉള്‍പ്പെട്ട മേപ്പയ്യൂര്‍ വിളയാട്ടൂര്‍ മൂട്ടപറമ്പില്‍ ദിപാഷി(37ന്റെ മോചനവും കാത്ത് ബന്ധുക്കള്‍. മൂട്ട പറമ്പ് കേളപ്പന്റെയും ദേവിയുടെയും മകനാണ് ദിപാഷ്.
ദിപാഷ് ഉള്‍പ്പെടെ പതിനൊന്ന് ഇന്ത്യക്കാരെയാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ യമനിലെ ഹൂദി വിമത വിഭാഗം ബന്ധികളാക്കിയത്. ദിപാഷിനോടൊപ്പം ബന്ധിയാക്കിയവരില്‍ ആലപ്പുഴ ഏവൂര് സ്വദേശി അഖില്‍, കോട്ടയം സ്വദേശി ശ്രീജിത്ത് എന്നി മലയാളികളുമുണ്ട്.
ആറ് വര്‍ഷത്തിലധികമായി ദിപാഷ് യു.എ.ഇയില്‍ കപ്പല്‍ കമ്പനി ജീവനക്കാരനാണ്. രണ്ട് വര്‍ഷം മുമ്പാണ് മകന്‍ നാട്ടിലെത്തി തിരിച്ചു പോയതെന്ന് കേളപ്പനും ദേവിയും പറഞ്ഞു. മകനെ സുരക്ഷിതമായി മോചിപ്പിച്ച് നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണമെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന.
[ad1]
യമന്റെ പടിഞ്ഞാറന്‍ തീരമായ അല്‍ഹുദയ്ക്ക് സമീപത്ത് നിന്നാണ് കപ്പല്‍ ഹൂദി വിമതര്‍ തട്ടിയെടുത്തത്. സൊഹാത്രോ ദ്വീപില്‍ നിന്ന് സൗദിയിലെ ജസാന്‍ തുറമുഖത്തേയ്ക്ക് മെഡിക്കല്‍ ഉപകരണങ്ങളുമായി പോകുകയായിരുന്നു റാബിയെന്ന കപ്പല്‍.
[ad2]
അബുദാബിയിലെ ലിബാ മറ്റൈന്‍ സര്‍വ്വീസിന്റെ ഉടമസ്ഥതയിലുളളതാണ് കപ്പല്‍. ബന്ധിയാക്കിയവരുടെ മൊബൈല്‍ ഫോണും മറ്റ് യാത്രാ രേഖകളുമെല്ലാം ഹൂദി വിമതര്‍ പിടിച്ചെടുത്തിരിക്കുകയാണ്. അതിനാല്‍ കപ്പല്‍ കമ്പനിയുമായോ, ബന്ധുക്കളുമായോ സംസാരിക്കാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല. ഇടയ്ക്ക് തീവ്രവാദികള്‍ നല്‍കുന്ന ഫോണില്‍ നിന്ന് വീട്ടിലേക്ക് സന്ദേശമയക്കുമ്പോഴാണ് ഇവരുടെ ദയനീയാവസ്ഥ ബന്ധുക്കള്‍ മനസ്സിലാക്കിയത്.
ദിപാഷിനെ നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ ഇതിനകം ഇന്ത്യന്‍ എംബസിയ്ക്കും, വിദേശകാര്യ മന്ത്രാലയത്തിനും തിരുവന്തപുരത്തെ നോര്‍ക്കാറൂട്ട്സിനും പരാതി നല്‍കിയിരുന്നു. കൂടാതെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍, കെ.മുരളീധരന്‍ എം.പി, ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ തുടങ്ങിയവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസി ഇടപെട്ടാല്‍ മാത്രമേ തങ്ങളുടെ മോചനം സാധ്യമാകുകയുളളുവെന്നാണ് ദിപാഷ് ബന്ധുക്കള്‍ക്കയച്ച് ശബ്ദ സന്ദേശത്തിലുളളത്.