കാര്‍ഷിക അറിവുകള്‍ നേടാന്‍ ‘കതിര്‍’ മൊബൈല്‍ ആപ്പ്; കര്‍ഷരെ പൊന്നാടയണിയിച്ച് ആദരിക്കല്‍, കര്‍ഷകദിനത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത്


മേപ്പയൂര്‍: വിവിധ പരിപാടികളോടെ കര്‍ഷകദിനം ആചരിച്ച് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ ചടങ്ങില്‍ നിരവധി കര്‍ഷകരെയും ആദരിച്ചു. കര്‍ഷകദിന പരിപാടികള്‍ പേരാമ്പ്ര നിയോജക മണ്ഡലം എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കൃഷി വകുപ്പ് ജീവനക്കാരുടെ ഇടപെടലുകള്‍ കര്‍ഷകര്‍ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും മാതൃകാപരമായ കാഴ്ച ഓരോ കൃഷിഭവനും കാഴ്ച വെക്കുന്നുണ്ടെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് എം.എല്‍.എ പറഞ്ഞു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ മാറ്റി നിര്‍ത്തി ചടങ്ങ് മാത്രമായാണ് കര്‍ഷകദിനം ആചരിച്ചത്. 13 വ്യത്യസ്ത കാറ്റഗറിയിലെ കര്‍ഷകരെ പൊന്നാടയണിയിച്ച് ആദരിക്കുകയും കാര്‍ഷിക സര്‍വകലാശലയില്‍ നിന്നും അഗ്രോണമി വിഭാഗത്തില്‍ ഡോക്ടറേറ്റ് നേടിയ മേപ്പയൂര്‍ കൃഷി ഓഫീസര്‍ ആര്‍.എ അപര്‍ണയെയും കര്‍ഷക ദിനത്തില്‍ ആദരിച്ചു. ഭാസ്‌കരന്‍ നായര്‍ കളത്തില്‍, കുഞ്ഞിരാമന്‍ കീഴ്ട്ട്, ഗോപാലന്‍ അഞ്ചുമൂലയില്‍, ചന്ദ്രിക കായമ്മംകണ്ടി, തരംഗ് ദീപ് പുളിയുള്ളകണ്ടി, മനോജ് കുമാര്‍ വാരിയംപറക്കല്‍, ബഷീര്‍ ചക്കോത്ത്, മജ്‌നു മേക്കുന്നംകണ്ടി, നിതിന്‍ കുമാര്‍ പൂക്കാരത്ത്, മോഹനന്‍ ചെറുവത്ത്മീത്തല്‍, രാധാകൃഷ്ണന്‍ മണാട്ട്, ഉണ്ണികൃഷ്ണന്‍ നൊട്ടികണ്ടിമീത്തല്‍, ആയിഷു കിഴക്കേചാലില്‍ എന്നിവരെയാണ് കര്‍ഷക ദിനത്തില്‍ ആദരിച്ചത്. ആദരിക്കപ്പെട്ട കര്‍ഷകര്‍ക്ക് സര്‍വ്വീസ് കോ – ഒപ്പേറേറ്റീവ് ബാങ്ക് കാര്‍ഷിക ഉപകരണങ്ങളും കര്‍ഷക ദിനത്തില്‍ പങ്കെടുത്തവര്‍ക്ക് കേരഗ്രാമം സമിതി കവുങ്ങിന്‍ തൈകളും നല്‍കി.

യുവജനങ്ങളില്‍ കൃഷിയോടുള്ള താല്‍പര്യം വര്‍ധിപ്പിക്കാനും കൃത്യമായും ശാസ്ത്രീയമായും കൃഷി ചെയ്യാനും വേണ്ടി കൃഷി വകുപ്പ് പുറത്തിറക്കിയ ‘കതിര്‍’ മൊബൈല്‍ ആപ്പ് കര്‍ഷകര്‍ക്കായി പരിചയപ്പെടുത്തി. നൂതന സാങ്കേതിക വിദ്യകളിലൂടെ കര്‍ഷകര്‍ക്ക് കാര്‍ഷിക അറിവുകള്‍ ആപ്പ് വഴി ലഭിക്കും.

പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേലടി ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. പ്രസന്ന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി ശോഭ, വികസന സ്ഥിരം സമിതി ചെയര്‍മാന്‍ സുനില്‍ വടക്കയില്‍, ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, പഞ്ചായത്ത് സെക്രട്ടറി കെ.പി അനില്‍കുമാര്‍, സര്‍വ്വീസ് കോ – ഒപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് കെ രാജീവന്‍, ടൗണ്‍ ബാങ്ക് പ്രസിഡന്റ് കെ.കെ രാഘവന്‍ മാസ്റ്റര്‍, കാര്‍ഷിക കര്‍മ്മസേനാ സെക്രട്ടറി കുഞ്ഞിരാമന്‍ കിടാവ്, കാര്‍ഷിക വികസന സമിതി അംഗങ്ങളായ എന്‍.കെ ചന്ദ്രന്‍, അബ്ദുള്‍ സലാം നാഗത്ത്, കെ.കെ മൊയ്തീന്‍ മാസ്റ്റര്‍, നിഷാദ് പൊന്നംകണ്ടി, കെ.എം രവീന്ദ്രന്‍ മാസ്റ്റര്‍, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.കെ.ടി മുസ്തഫ, കൃഷി അസിസ്റ്റന്റ്മാരായ എസ്.സുഷേണന്‍,സി.എസ് സ്‌നേഹ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

കൃഷി ഓഫീസര്‍ ഡോ.ആര്‍.എ അപര്‍ണ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എന്‍.കെ ഹരികുമാര്‍ നന്ദി പറഞ്ഞു. കൂടാതെ കേരള ഗ്രാമീണ ബാങ്ക്, ഫെഡറല്‍ ബാങ്ക്, അഗ്രിക്കള്‍ച്ചറല്‍ മര്‍ക്കന്റൈല്‍സ് സൊസൈറ്റി,ഹൗസിംഗ് സൊസൈറ്റി, അര്‍ബന്‍ സൊസൈറ്റി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.