ഓണപൂക്കളമൊരുക്കാന്‍ ചെണ്ടുമല്ലി കൃഷിയുമായി മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത്; ചെണ്ടുമല്ലി തൈകള്‍ നട്ടു


മേപ്പയ്യൂര്‍: ഓണക്കാലത്തേയ്ക്ക് പൂക്കളൊരുക്കാന്‍ ചെണ്ടുമല്ലി കൃഷിയുമായി മേപ്പയ്യൂര്‍ പഞ്ചായത്ത്. ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ ക്യാമ്പയിനിന്റെ ഭാഗമായി മേപ്പയ്യൂരിലെ അയിമ്പാടിപ്പാറയിലാണ് ചെണ്ടുമല്ലിക്കൃഷി ആരംഭിക്കുന്നത്.
ഹരിതകേരളം മിഷന്‍, മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് സിഡിഎസ്, കൃഷി വകുപ്പ് എന്നിവ സംയുക്തമായാണ് കൃഷിക്ക് തുടക്കമിട്ടിരിക്കുന്നത്.

നെറ്റ് സീറോ കാര്‍ബണ്‍ കേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ഗ്രാമ പഞ്ചായത്തില്‍ പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ആരംഭിക്കുന്ന കാര്‍ഷിക മേഖലയിലെ ക്യാമ്പയിനുകളുടെ തുടക്കമാണ് ചെണ്ടുമല്ലി കൃഷി വ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നത്. കൃഷിഭവനാണ് ഇതിനുവേണ്ട പിന്തുണ സഹായം നല്‍കുന്നത്.

ചെണ്ടുമല്ലി തൈ നട്ടു കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വഹിച്ചു. സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു അധ്യക്ഷയായി. സിഡിഎസ് മെമ്പര്‍ എം.ടി ലീല സ്വാഗതം പറഞ്ഞ ചടങ്ങിന് സിഡിഎസ് മെമ്പര്‍ നിഷ നന്ദിയും പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ പി ശോഭ, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വി പി രമ, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, വാര്‍ഡ് മെമ്പര്‍മാരായ വി പ്രകാശന്‍ , ദീപ കേളോത്ത്, മിനി അശോകന്‍, സറീന ഒളോറ, ബിജു വി പി, ശ്രീജ വി പി, സി ഡി എസ് മെമ്പര്‍ മനീഷ,കൃഷി അസിസ്റ്റന്റ് സ്‌നേഹ, ഹരിതകേരളം മിഷന്‍ ആര്‍പി നിരഞ്ജന തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിച്ചു.