അഭിമാനം വാനോളം; ദേശീയ യൂത്ത് ഫെസ്റ്റില്‍ നാടന്‍പാട്ടില്‍ ഒന്നാം സ്ഥാനം നേടിയ നഗരസഭാ ടീമിനും പരിശീലകര്‍ക്കും സ്വീകരണമൊരുക്കി കൊയിലാണ്ടി മുനിസിപ്പാലിറ്റി


കൊയിലാണ്ടി: ദേശീയ യൂത്ത് ഫെസ്റ്റിവലില്‍ നാടന്‍പാട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കൊയിലാണ്ടി നഗരസഭ ടീമായ മെലോമാനിയാക് ഫോക് ബാന്റ് ടീം അംഗങ്ങൾക്കും പരിശീലകർക്കും കൊയിലാണ്ടി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നൽകി.

ഇന്നലെ വൈകിട്ട്‌ 5 മണിക്ക് കോഴിക്കോട് ട്രെയിനിലെത്തിയ സംഘത്തെ പ്രത്യേക വാഹനത്തിൽ കൊയിലാണ്ടിയിൽ എത്തിച്ചു. ശേഷം കൊയിലാണ്ടി ടൗൺഹാളിൽ വച്ച്‌ പൂമാലയും ബൊക്കെയും ലഡുവും നൽകി സ്വീകരിച്ചു. ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

 

24 സംസ്ഥാനങ്ങളോട് മത്സരിച്ചാണ് നാടന്‍പാട്ട് മത്സരത്തില്‍ കൊയിലാണ്ടി ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കേരളോത്സവത്തില്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും മികച്ച പ്രകടനത്തോടെ ഒന്നാം സ്ഥാനം മെലോമാനിയാക് ടീം കരസ്ഥമാക്കിയിരുന്നു. രണ്ട് വര്‍ഷത്തോളമായി ദേശീയ തലത്തില്‍ ടീം മത്സരിച്ചു വരുന്നു. കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ നടന്ന മത്സരത്തില്‍ ദേശീയ തലത്തില്‍ നാടന്‍പാട്ട് വിഭാഗത്തില്‍ നാലാം സ്ഥാനവും നേടിയിരുന്നു.

മേഘ്ന, കാർത്തിക, അനാമിക, കൃഷ്ണേന്ദു, ശ്രുതി എസ്. അനീന, സാന്ദ്രിമ, സ്വാതി എസ്, മിഥുന, അനുരത്ന, എന്നിവരായിരുന്നു കൊയിലാണ്ടിക്കായി ദേശീയ തലത്തിലേക്ക് മത്സരിച്ചത്. ദേശീയ തലത്തിലേക്ക് മത്സരിക്കാനായി നീണ്ട ഒരുമാസത്തെ പരിശീലനമാണ് കുട്ടികള്‍ നടത്തിയത്‌. രാജീവന്‍ കെ.കെ, പ്രജീഷ് എന്നിവരാണ് വര്‍ഷങ്ങളായി നാടന്‍പാട്ടില്‍ പരിശീലനം നടത്തിവരുന്നത്.

പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ കമ്മിറ്റി അധ്യക്ഷ നിജില പറവക്കൊടി സ്വാഗതം പറഞ്ഞു. നഗരസഭാ സെക്രട്ടറി ഇന്ദു.എസ്.ശങ്കരി, കൗൺസിലർമാരായ ലളിത എ, വത്സരാജ് കേളോത്ത്, എ.അസീസ് മാസ്റ്റർ, സിറാജ്, പ്രഭ ടീച്ചർ, എൻ.ടി രാജീവൻ, സുമേഷ്, പ്രജിഷ, സുധ.സി, ജില്ലാ ആസൂത്രണ സമിതി അംഗം എ.സുധാകരൻ, എച്ച് ഐ ജമീഷ് എന്നിവർ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തു.