പൊതുസ്ഥലങ്ങളില്‍ ഫലവൃക്ഷ തൈകള്‍ നട്ടുവളര്‍ത്തി ഭൂമിയെ ഹരിതാഭമാക്കുക; ‘ഭൂമിക’ പദ്ധതിയുമായി മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌


കുറ്റ്യാടി: ഭൂമിയെ ഹരിതാഭമാക്കി പരിസരം പരിസ്ഥിതി സൗഹൃദമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് ‘ഭൂമിക’ പദ്ധതിയുമായി മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌. 2023-24 വർഷത്തെ ബ്ലോക്ക്‌ പഞ്ചായത്ത്‌ന്റെ വാര്‍ഷിപദ്ധതിയുടെ ഭാഗമായ പദ്ധതി മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
സുരേഷ് ചങ്ങാടത്ത് ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.

കാലാവസ്ഥ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും ഭാഗമായുണ്ടാകുന്ന പ്രത്യാഘാതങ്ങളെ ചെറുത്ത് നിൽക്കുന്നതിനും പരിസരം പരിസ്ഥിതി സൗഹൃദമാക്കുന്നതിനുവേണ്ടിയാണ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഇത്തരത്തിൽ ഉള്ള നൂതന പ്രവർത്തനങ്ങൾ ആസുത്രണം ചെയ്തിട്ടുള്ളത്‌. മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിൽ വരുന്ന കുറ്റ്യാടി ഇറിഗേഷൻ കനാലിനോട് ചേർന്നുള്ള അനുയോജ്യമായ പൊതു ഇടങ്ങളിൽ ഫലവൃക്ഷ തൈകൾ വെച്ച് പിടിപ്പിക്കുക എന്ന ദൗത്യമാണ് ഈ പ്രൊജക്റ്റ്‌ മുഖേന ഏറ്റെടുത്തു നടത്തുന്നത്.

ഇരുന്നൂറ്റി അമ്പതോളം മാവ്, സപ്പോട്ട ഗ്രാഫ്റ്റ് തൈകളാണ് നട്ടു പിടിപ്പിക്കുക. ഇതിന് വേണ്ടി വികസന ഫണ്ട്‌  65000/- രൂപ വകയിരുത്തി മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എംഎന്‍ജിഇജിഎസ്‌ പദ്ധതിയുമായി സംയോജിപ്പിച്ചും സ്പോൺസർഷിപ് മുഖാന്തരമാണ്‌ ഈ മാതൃക പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

മേപ്പയൂർ പഞ്ചായത്ത്‌ ലെ 6,7, 9,15 വാർഡുകളിലും തുറയൂര്‍ പഞ്ചായത്തിലെ 5,6 വാർഡുകളിലും ഉൾപ്പെട്ട സ്ഥലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്‌. ക്ഷീര വികസന വകുപ്പുമായി ചേർന്ന് ജൈവ വളങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തി ഗുണ മേന്മയുള്ള ഫലവൃക്ഷ തൈകൾ  വിഎഫ്പിസികെ മുഖേനയാണ് ലഭ്യമാക്കുന്നത്. 100 മാവ് ഗ്രാഫ്റ്റ് തൈകളും 150 സപ്പോട്ട ഗ്രാഫ്റ്റ് തൈകളും ആണ് പദ്ധതി പ്രകാരം നടുന്നത്. ശേഷം 3 വർഷത്തോളം ഈ തൈകളുടെ പരിപാലനം ഉറപ്പ് വരുത്തുന്നതിനായി പ്രാദേശിക പരിപാലന കമ്മിറ്റികൾ അതാത് ബ്ലോക്ക് പഞ്ചായത്തിന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുണ്ട്.

വൈസ് പ്രസിഡണ്ട് പി.പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. കൃഷി അസി: ഡയരക്ടർ സ്മിത ഹരിദാസ് പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ലീന പുതിയോട്ടിൽ, ബ്ലോക്ക് മെമ്പർമാരായ രമ്യ എ.പി, നിഷിത കെ.കെ, അഷീദ നടുക്കാട്ടിൽ, എം.കെ.ശ്രീനിവാസൻ, മേപ്പയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.പ്രശാന്ത്, പ്രസീത കെ.എം, മേലടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോബി സലാസ്, കെ.കുഞ്ഞിരാമൻ (മുൻ ബ്ലോക്ക് പ്രസിഡണ്ട്) കെ.രാജീവൻ, എ.ചന്ദ്രൻ ,കുഞ്ഞമ്മദ് മദനി, എം.കെ രാമചന്ദ്രൻ മാസ്റ്റർ, കെ.എം ബാലൻ, ടി.കെ പ്രഭാകരൻ, കെ.കെ കുഞ്ഞിരാമൻ, എന്നിവർ സംസാരിച്ചു.

വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻ എം.എം രവീന്ദ്രൻ സ്വാഗതം പറഞ്ഞു. മേപ്പയൂർ കൃഷി ഓഫീസർ അപർണ നന്ദി പറഞ്ഞു. [mid5]