വികസനത്തിന്റെ പുതിയ മേഖലയിലേക്ക് കുതിക്കാന്‍ മേലടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍; അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കായി ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത്


മേലടി: മേലടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ വികസനം ലക്ഷ്യമിട്ട് ആരോഗ്യ സെമിനാറുമായി മേലടി ബ്ലോക്ക് പഞ്ചായത്ത്. ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ ഈ സ്ഥാപനത്തിന്റെ വികസനത്തിന് ജനപ്രതിനിധികളുടെയും പൊതു സമൂഹത്തിന്റെയും ഉദ്യോഗസ്ഥ വൃന്ദത്തിന്റെയും വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതിനായാണ് മേലടി കമ്യണിറ്റി ഹെല്‍ത്ത് സെന്റെറും പൊതുജന ആരോഗ്യ പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തെ ആധാരമാക്കി ആരോഗ്യസെമിനാര്‍ സംഘടിപ്പിച്ചത്.

ദേശീയ പാതയോരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം മൂന്ന് പഞ്ചായത്തുകളിലെയും നഗരസഭയിലേയും രോഗികള്‍ ആശ്രയിക്കുന്ന പൊതുജനാരോഗ്യ മേഖലയിലുള്ള ഒരു പ്രധാനപ്പെട്ട സ്ഥാപനമാണ്. സെമിനാര്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്തിന്റെ അദ്ധ്യക്ഷതയില്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.

മേലടി സി.എച്ച്.സിയും പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തെപ്പറ്റി ഡോക്ടര്‍ വീണ മനോജ് (മെഡിക്കല്‍ ഓഫീസര്‍ മേലടി CHC), ക്ലാസ് എടുത്തു. പൊതുജനങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളുടെ ക്രോഡീകരണം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നടത്തി.

മേലടി ബ്ലോക്ക് വൈ: പ്രസിഡന്റ് പി. പ്രസന്ന സ്വാഗതം പറഞ്ഞ ചടങ്ങില്‍, ജമീല സമദ് ( തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), രാമചന്ദ്രന്‍ കുയ്യണ്ടി (വൈ: പ്രസിഡന്റ് തിക്കോടി ഗ്രാമപഞ്ചായത്ത്), ദുല്‍ഖിഫില്‍ (ജില്ലാ പഞ്ചായത്ത് അംഗം), എം.എം രവീന്ദ്രന്‍ (വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മേലടി ബ്ലോക്ക്), മഞ്ഞക്കുളം നാരായണന്‍ (ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, മേലടി ബ്ലോക്ക്), ലീന പുതിയോട്ടില്‍ (ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേലടി ബ്ലോക്ക്), എം.കെ.ശ്രീനിവാസന്‍, മെമ്പര്‍ മേലടി ബ്ലോക്ക്, റംല.പി.വി(മെമ്പര്‍ മേലടി ബ്ലോക്ക്), ബിനു കരോളി (മെമ്പര്‍ തിക്കോടി ഗ്രാമപഞ്ചായത്ത്), എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചടങ്ങിന് കെ.പ്രകാശന്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മേലടി ഇ.ഒ.ഇ) നന്ദി രേഖപ്പെടുത്തി.