മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് പുറമെ മെമ്പർ സ്ഥാനവും ഗോപാലൻ നായർ രാജി വെച്ചു; രാജിക്ക് കാരണം പദ്ധതി നിർവ്വഹണത്തിലെ തർക്കമെന്ന് സൂചന; രാജി പിൻവലിപ്പിക്കാൻ സമ്മർദ്ദവുമായി പാർട്ടി


പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻനായർ പ്രസിഡന്റ് സ്ഥാനത്തിനു പുറമെ ബ്ലോക്ക് മെമ്പർ സ്ഥാനവും രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് ബ്ലോക്ക് സെക്രട്ടറി മുമ്പാകെ തൻ്റെ രാജിക്കത്ത് നൽകിയത്.

ഒരു പദ്ധതി നിർവ്വഹണത്തിലുണ്ടായ തർക്കമാണ് രാജിയിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു. ഇദ്ദേഹം രാജി വയ്ക്കുന്നതോടെ ഈ വർഷത്തെ പദ്ധതി നിർവ്വഹണത്തെയും ബാധിക്കാൻ ഇടയുണ്ട് അതേ സമയം രാജി പിൻവലിപ്പിക്കാൻ സി.പി.എമ്മിന്റെ ശക്തമായ സമ്മർദമുള്ളതായാണ് വിവരം.


ഗോപാലന്‍ നായര്‍ രാജി വച്ചാലും എല്‍.ഡി.എഫ് ഭരണസമിതിക്ക് ഭരണം നഷ്ടമാകുമെന്ന ഭീഷണിയില്ല. ആകെയുള്ള 13 അംഗങ്ങളില്‍ ഗോപാലന്‍ നായര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ സി.പി.എം അംഗങ്ങളാണ്. കൂടാതെ എല്‍.ജെ.ഡിക്കും എന്‍.സി.പിക്കും ഓരോ അംഗങ്ങള്‍ വീതമുണ്ട്. എന്നാല്‍ പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും രണ്ട് അംഗങ്ങള്‍ മാത്രമേ ഉള്ളൂ. അതിനാല്‍ തന്നെ ഒരു അംഗത്തിന്റെ രാജി ഭരണത്തെ ബാധിക്കില്ല.

മുൻപ് കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഗോപാലൻ നായർ. കീഴരിയൂർ ഡിവിഷനിൽ നിന്നാണ് ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.