കൊയിലാണ്ടിയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും എക്‌സിബിഷനും; മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന് നാളെ തുടക്കം
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും എക്‌സിബിഷനും നാളെ നടക്കും. കൊയിലാണ്ടി നഗരസഭയും താലൂക്ക് ആശുപത്രി, ആരോഗ്യ വകുപ്പ് – ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ലക്ഷ്യം വെച്ച് കൊണ്ടുള്ള പദ്ധതിയാണ് ജീവതാളം.
കൊയിലാണ്ടി നഗരസഭ നടപ്പാക്കുന്ന’ സുകൃതം – ജീവിതം’ പദ്ധതിയുമായി കൂടിച്ചേര്‍ന്നാണ് ജീവതാളം നഗരസഭയില്‍ പ്രാവര്‍ത്തികമാക്കുന്നത്. ഇതിന്റെ ഭാഗമായി ഫിബ്രു 8 , 9 , 10 തിയ്യതികളിലായി ഇ.എം.എസ് ടൗണ്‍ ഹാളിലാണ് മെഗാ മെഡിക്കല്‍ ക്യാമ്പും എക്‌സിബിഷനും സംഘടിപ്പിക്കുന്നത്.
മെഗാമെഡിക്കല്‍ ക്യാമ്പ്, എക്‌സിബിഷന്‍, ജീവിതശൈലി രോഗനിര്‍ണ്ണയം, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സുകള്‍, സെമിനാര്‍, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
ഫിബ്രുവരി 8 ന്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ പി സുധയുടെ അധ്യക്ഷതയില്‍, മലബാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി വി നാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
കാന്‍സര്‍ – വൃക്ക രോഗ-ജീവിതശൈലി നിര്‍ണ്ണയം, ആരോഗ്യ വിജ്ഞാനപ്രദര്‍ശനം, വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസ്സുകള്‍, ലഹരി വിമുക്ത ക്യാമ്പയിന്‍, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങി നിരവധി പരിപാടികള്‍ ക്യാമ്പില്‍ നടക്കും.
വിവിധ രോഗങ്ങള്‍ക്കുള്ള പരിശോധനക്കായി അതാത് ദിവസം രാവിലെ ക്യാമ്പിലെത്തി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫെബ്രുവരി 10 ന് വൈകീട്ടോടെ ക്യാമ്പ് അവസാനിക്കും.