വായനശാലകളുടെ ഗ്രേഡ് പരിശോധന ഉടൻ ആരംഭിക്കും; കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച ലൈബ്രറി സെക്രട്ടറിമാരുടെ യോഗത്തിൽ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട്
കൊയിലാണ്ടി: വായനശാലകളുടെ ദൈനംദിന പ്രവർത്തനം പരിശോധിച്ച് ഗ്രേഡ് തീരുമാനിക്കാനുള്ള പരിശോധന ഉടൻ ആരംഭിക്കുമെന്നും പരിശോധനക്കാവശ്യമായ ഒരുക്കങ്ങൾ ലൈബ്രറി നടത്തണമെന്നും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഡോ.കെ.ദിനേശൻ പറഞ്ഞു. കൊയിലാണ്ടി സാംസ്കാരിക നിലയത്തില്‍ സംഘടിപ്പിച്ച ലൈബ്രറി സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈബ്രറികളിൽ ബാലവേദി, യുവവേദി, വനിതാ വേദി, വയോജന വേദി തുടങ്ങിയവ രൂപീകരിച്ച് ഒരു പ്രദേശത്തെ ജാതി-മത രാഷ്ട്രീയ വ്യത്യാസമന്യേ മുഴുവൻ ജനങ്ങളുടെയും പൊതു ഇടങ്ങളായി മാറ്റാൻ ലൈബ്രറി പ്രവർത്തകർ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മാത്രമല്ല ഒക്ടോബർ 30,31, നവമ്പർ 1 തീയ്യതികളിൽ നടക്കുന്ന പുസ്തകോത്സവം വിജയിപ്പിക്കുവാനും ലൈബ്രറികളിലെ ഡിജിലൈസേഷൻ പ്രവർത്തനം ഉടൻ പൂർത്തിയാക്കാനും പ്രസിഡണ്ട് അഭ്യർത്ഥിച്ചു.
താലൂക്ക് വൈസ് പ്രസിഡണ്ട് കെ.പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി കെ.വി രാജൻ, കമ്മിറ്റി അംഗം എന്‍.വി ബാലന്‍ എന്നിവർ സംസാരിച്ചു.
Description: Meeting of library secretaries at Koyilandy