സബ്‌സിഡിയും ആനുകൂല്യങ്ങളും ലഭ്യമാക്കും; നൂറ് ഏക്കര്‍ സ്ഥലത്ത് ഔഷധസസ്യകൃഷിയൊരുക്കാനുള്ള പദ്ധതിയുമായി മൂടാടി ഗ്രാമപഞ്ചായത്ത്


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ വാണിജ്യാടിസ്ഥാനത്തില്‍ നൂറ് ഏക്കര്‍ സ്ഥലത്ത് ഔഷധസസ്യ കൃഷി ആംഭിക്കുന്നു. ഗ്രാമപഞ്ചായത്തിലെ തരിശായി കിടക്കുന്ന ഭൂമിയിലും തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായുമാണ് കൃഷി ആരംഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഔഷധസസ്യബോര്‍ഡ്, ഔഷധി, വിവിധ മരുന്നുനിര്‍മ്മാണ സ്ഥാപനങ്ങള്‍ എന്നിവയുമായി ചേര്‍ന്ന് വിപണന സാധ്യതകള്‍ ഒരുക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഗ്രാമപഞ്ചായത്ത് ഭാരവാഹികള്‍ ആരംഭിച്ചു കഴിഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചുകൊണ്ട് കൃഷിക്കാവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡി ആനുകൂല്യങ്ങള്‍ ലഭ്യമാകാന്‍ വേണ്ട കാര്യങ്ങള്‍ ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് ചെയ്യുന്നതാണ്. വ്യക്തികള്‍ ഗ്രൂപ്പുകള്‍ സ്വയം സഹായസംഘങ്ങള്‍ റസിഡന്‍സ് അസോസിയേഷനുകള്‍ കുടുംബശ്രീ സംഘങ്ങള്‍ എന്നീ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കൃഷി ആരംഭിക്കാനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്.

ഔഷധസസ്യ കൃഷിയുടെ വിജയകരമായ നടത്തിപ്പിനായി മൂടാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ മോഹനന്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഔഷധസസ്യബോര്‍ഡ് എക്‌സിക്യുട്ടീവ് മെമ്പര്‍ ഗോവിന്ദന്‍, ബോര്‍ഡംഗം ഡോ. സനില്‍, ഡോ.ഡിക്‌സണ്‍ വാര്‍ഡ് മെമ്പര്‍ പപ്പന്‍ മൂടാടി, രതീഷ് മൂടാടി എന്നിവര്‍ സംസാരിച്ചു. യുവതികള്‍ക്കുള്ള ഏകദിന പരിശീലന പരിപാടി ജൂണ്‍ 28ന് നടത്താന്‍ തീരുമാനിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു.