ജീവിത ശൈലി രോഗങ്ങള്‍ക്കും വ്യായാമമില്ലായ്മയ്ക്കും പരിഹാരം, ചിട്ടയായ വ്യായാമ പരിശീലനവുമായി മെക് 7 കൂട്ടായ്മ കൊയിലാണ്ടിയിലും


കൊയിലാണ്ടി: മെക് 7 വ്യായാമ രീതിയ്ക്ക് കൊയിലാണ്ടിയില്‍ ജനുവരി 25ന് തുടക്കമാകും. രാവിലെ 6.30ന് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തിലാണ് പരിപാടി. കോഴിക്കോട് ജില്ലയിലെ മേഖല മൂന്നില്‍ (കൊയിലാണ്ടി, നാദാപുരം, വടകര നിയോജക മണ്ഡലങ്ങള്‍) പെട്ട 30 ല്‍ പരം യൂണിറ്റുകളിലെ അംഗങ്ങള്‍ ഒത്തുചേരുന്ന ഉദ്ഘാടന സംഗമത്തില്‍ കാനത്തില്‍ ജമീല എം.എല്‍.എ, കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കീഴ്‌പ്പൊട്ട്, വൈ.ചെയര്‍മാന്‍ സത്യന്‍.കെ, മുന്‍ പി.എസ്.സി അംഗം ടി.ടി.ഇസ്മായില്‍, അജിത്ത്, വി.കെ.രത്‌ന വല്ലി, ക്യാപ്റ്റന്‍ സലാഹുദ്ദീന്‍, ബ്രാന്‍ഡ് അംബാസഡര്‍ അറക്കല്‍ ബാവ, നോര്‍ത്ത് സോണ്‍ കോഡിനേറ്റര്‍മാരായ ഡോ.ഇസ്മായില്‍ മുജദ്ദിദി, ഹഫ്‌സത്ത് ടീച്ചര്‍, ജില്ലാ കോഡിനേറ്റര്‍മാര്‍, ഓര്‍ഗനൈസര്‍, മേഖല ഏരിയ കോഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ആധുനിക കാലത്തെ ജീവിത ശൈലിയും വ്യായാമമില്ലായ്മയും ഭക്ഷണ രീതിയിലെ മാറ്റങ്ങളും ജീവിത ശൈലീ രോഗങ്ങളുടെ പിടിയിലേക്ക് നാടിനെ എത്തിച്ചിട്ടുണ്ട്. ഇതിനൊരു പരിഹാരമായി മാറുകയാണ് മെക് 7 വ്യായാമ രീതിയെന്നും സംഘാടകര്‍ പറഞ്ഞു. ചിട്ടയായി നടക്കുന്ന വ്യായാമ പരിശീലനത്തിലൂടെ വലിയ മാറ്റങ്ങളാണ് വയോജനങ്ങളും യുവാക്കളും സ്ത്രീകളും ഫീഡ്ബാക്കിലൂടെ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്.

2010 ല്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പാരാമിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന പി. സലാഹുദ്ദീന്‍ നാട്ടിലെ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി രൂപപ്പെടുത്തിയ പരമ്പരാഗത യോഗയാണ് പിന്നീട് പുതിയ മൊഡ്യൂള്‍ രൂപപ്പെടുത്തി 2012 മുതല്‍ യോഗ ക്ലബ് എന്ന പേരില്‍ തുടക്കമായത്. യോഗ, നോര്‍മല്‍ എക്‌സര്‍സൈസ്, അക്യൂ പ്രഷര്‍, എയ്‌റോബിക്‌സ്, മെഡിറ്റേഷന്‍, മസാജിങ്ങ്, ഡീപ് ബ്രീത്തിങ്ങ് എന്നിവയാണ് മെക് 7 (മള്‍ട്ടിപ്പിള്‍ എക്‌സര്‍സൈസ് കോംപിനേഷന്‍) വ്യായാമത്തിലെ 7 ഇനങ്ങള്‍. 21 ഇനങ്ങള്‍ ഏത് പ്രായക്കാര്‍ക്കും അരമണിക്കൂര്‍ സമയത്തിനുള്ളില്‍ നിര്‍വഹിക്കാമെന്നതും വലിയ റിസല്‍ട്ട് ലഭിക്കുന്നു എന്നതുമാണ് ജനപ്രിയമാക്കുന്നത്. ഇതിന്റെ പ്രയോജനം നേടിയവര്‍ മറ്റുള്ളവരെ പങ്കെടുപ്പിച്ച് പുതിയ യൂണിറ്റുകള്‍ തുടങ്ങുന്ന രീതിയാണ് നിലവിലുള്ളത്. ജനങ്ങള്‍ക്കായി സൗജന്യമായി വിട്ടുകൊടുത്ത ഈ സംരംഭം ഏറ്റെടുക്കുന്നവര്‍ അവരവരുടെ നാടുകളില്‍ ഫീസോ മറ്റ് ചാര്‍ജുകളോ ഈടാക്കാതെ പ്രവര്‍ത്തിച്ചുവരികയാണെന്നും സംഘാടകര്‍ വ്യക്തമാക്കി.

വലിയ മാറ്റമാണ് ആരോഗ്യ സംരക്ഷണ രംഗത്ത് ഇത് സാധ്യമാക്കിയത്. വിവിധ നാടുകളില്‍ ആയിരക്കണക്കിന് പേര്‍ യൂണിറ്റുകള്‍ തുടങ്ങി. സര്‍ക്കാര്‍ തലത്തില്‍ നിന്ന് എല്ലാവിധ സഹായങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് തികച്ചും സൗജന്യമായി വിട്ടു കൊടുത്ത ഈ വ്യായാമ കൂട്ടായ്മ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ പ്രചരിക്കുകയാണ്. 2022 വരെ സ്വന്തം നാട്ടില്‍ മാത്രമായിരുന്ന മെക് 7, ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരെയും ഉള്‍ക്കൊണ്ട് തുറന്ന മൈതാനിയില്‍ നടത്തുന്നതിലൂടെ ജനങ്ങള്‍ക്കിടയില്‍ സൗഹൃദവും ആരോഗ്യ ശൈലിയും പകര്‍ന്നു നല്‍കുന്നതിലും മുന്നിട്ടു നില്‍ക്കുന്നു.

സ്വാഗത സംഘം ചെയര്‍മാന്‍ വി.കെ.ഇബ്രാഹിംകുട്ടി, കണ്‍വീനര്‍ മുസ്തഫ കുന്നുമ്മല്‍, വൈസ് ചെയര്‍മാന്‍ ടി.കെ.നാസര്‍, ജില്ലാ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് മെമ്പര്‍ ബഷീര്‍ മേലടി, അഷ്‌റഫ് അണ്ടോണ, സുരേന്ദ്രന്‍ മുചുകുന്ന്, റഷീദ് കൊയിലാണ്ടി, സജ്‌ന കടലൂര്‍, ഷറഫുദ്ദീന്‍ മുചുകുന്ന്, റഷീദ് കൊയിലാണ്ടി, സജ്‌ന കടലൂര് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.