അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവും കണ്ടെടുത്തു; താമരശ്ശേരി സ്വദേശി പിടിയില്‍


താമരശ്ശേരി: അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും എം.ഡി.എം.എയും കഞ്ചാവും കണ്ടെടുത്തു. താമരശ്ശേരി പരപ്പന്‍പൊയില്‍ മേടോത്ത് ഷാജി (38) സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ഷാജിക്കെതിരെ വൈത്തിരി പോലീസ് കേസെടുത്തു.

ഞായറാഴ്ച ഉച്ചയോടെ വൈത്തിരി തളിപ്പുഴ പാലത്തില്‍ വെച്ചാണ് ഷാജി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. എതിരെ വന്നിരുന്ന ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

തുടര്‍ന്ന് വൈത്തിരി പോലീസ് നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ നിന്ന് ഒരു ഗ്രാം കഞ്ചാവും എം.ഡി.എം.എയും പിടികൂടുകയായിരുന്നു. കാറിന്റെ സ്റ്റിയറിംഗിന്റെയുള്ളില്‍ കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു ലഹരി സാധനങ്ങള്‍.

അപകടത്തില്‍ പരിക്കേറ്റവരെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.