ജനപ്രതിനിധിയുടെ തിരക്കുകള്‍ക്കിടയിലും തന്റെ ജീവനോപാധിയായ തൊഴിലിനെ കൈവിടാത്തൊരാള്‍; കൊയിലാണ്ടിയിലെ ചുമട്ടു തൊഴിലാളിയായ രാജീവന്റെ ജീവിതം അറിയാം, ഈ മെയ് ദിനത്തില്‍


കൊയിലാണ്ടി: ഇന്ന് മെയ് ദിനം, അഥവാ തൊഴിലാളി ദിനം. ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ക്കായുള്ള ദിനമാണ്. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ തൊഴിലാളി പ്രക്ഷോഭം ലോകഗതിയെ തന്നെ മാറ്റി മറിച്ചതിന്റെ അടയാളപ്പെടുത്തലാണ് ഓരോ മെയ് ദിനവും.

 

തൊഴിലാളി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഏവരുടെയും മനസില്‍ ആദ്യം വരുന്നത് ഒരു ചുമട്ടുതൊഴിലാളിയുടെ ചിത്രമാകും. നീലയോ ചുവപ്പോ യൂനിഫോമും ധരിച്ച് തലയില്‍ ഭാരവുമായി നില്‍ക്കുന്ന ആ തൊഴിലാളിയെ നമ്മള്‍ ദിവസവുമെന്നോണം കാണാറുണ്ട്.

നമ്മുടെ കൊയിലാണ്ടിയിലുമുണ്ട് അത്തരം നിരവധി തൊഴിലാളികള്‍. അവരിലൊരാളാണ് രാജീവന്‍. ജീവിക്കാനായി ചുമടെടുക്കുന്ന രാജീവന്‍ പക്ഷേ വെറുമൊരു തൊഴിലാളി മാത്രമല്ല; പൊതുപ്രവര്‍ത്തകനും ജനപ്രതിനിധിയും കൂടിയാണ്.

വാർഡിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട വിഷയത്തിൽ നഗരസഭ ചെയർപേഴ്സനൊപ്പം ജില്ല കളക്ടർക്ക് നിവേദനം നൽകുന്ന രാജീവൻ

വാർഡിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട വിഷയത്തിൽ നഗരസഭ ചെയർപേഴ്സനൊപ്പം ജില്ല കളക്ടർക്ക് നിവേദനം നൽകുന്ന രാജീവൻ

കൊയിലാണ്ടി നഗരത്തില്‍ മൂന്ന് സെക്ഷനുകളിലായാണ് ചുമട്ടു തൊഴിലാളികള്‍ ഉള്ളത്. മാര്‍ക്കറ്റ്, ബസ് സ്റ്റാന്റ്, കെ.ഡി.സി ബാങ്കിന് സമീപം എന്നിവയാണ് ആ മൂന്ന് സെക്ഷനുകള്‍. ഇതില്‍ കെ.ഡി.സി ബാങ്കിന് സമീപമുള്ള സെക്ഷനിലാണ് രാജീവന്‍ ജോലി ചെയ്യുന്നത്. പ്രധാനമായും കമ്പി, സിമന്റ് തുടങ്ങിയ നിര്‍മ്മാണ സാമഗ്രികളാണ് രാജീവന്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ ഇവിടെ കൈകാര്യം ചെയ്യുന്നത്.

സി.ഐ.ടി.യുവിന്റെ സജീവ പ്രവര്‍ത്തകനായ രാജീവന്‍ സി.പി.എം അംഗവുമാണ്. വെറും അംഗമല്ല, നെല്ലൂളിത്താഴെ ബ്രാഞ്ച് സെക്രട്ടറിയും ആനക്കുളം ലോക്കല്‍ കമ്മിറ്റി അംഗവുമാണ് അദ്ദേഹം.

 

ഈ നിലകളിലെല്ലാം മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച രാജീവന്‍ തന്റെ തൊഴിലിനെക്കാള്‍ പൊതുപ്രവര്‍ത്തനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായ ഈ മനോഭാവത്തിന് ലഭിച്ച അംഗീകാരമാണ് കൗണ്‍സിലര്‍ സ്ഥാനമെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഇല്ല. കൊയിലാണ്ടി നഗരസഭയിലെ മരളൂര്‍ രണ്ടാം വാര്‍ഡിന്റെ കൗണ്‍സിലറാണ് രാജീവന്‍. കൗണ്‍സിലര്‍ എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ച വയ്ക്കുന്നത്.

ജനപ്രതിനിധി എന്ന നിലയിലുള്ള എല്ലാ ഔദ്യോഗിക ഉത്തരവാദിത്തങ്ങളും പൂര്‍ണ്ണമായും നിര്‍വ്വഹിക്കുന്ന രാജീവന്‍ പക്ഷേ തന്റെ ജീവനോപാധിയായ തൊഴിലിനെ കൈവിട്ടില്ല. സാധാരണഗതിയില്‍ ജനപ്രതിനിധി എന്ന ഭാരിച്ച ഉത്തരവാദിത്തം ഏല്‍ക്കുന്നവര്‍ മറ്റ് ജോലികള്‍ മാറ്റിവച്ച് പൂര്‍ണ്ണമായി ഔദ്യോഗിക ചുമതലകള്‍ നിര്‍വ്വഹിക്കുകയാണ് പതിവ്. എന്നാല്‍ രാജീവന്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി തന്റെ തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് എല്ലാ തിരക്കുകകള്‍ക്കിടയിലും ഇന്നും നഗരത്തില്‍ ചുമടെടുക്കാന്‍ പോകുന്നു.

[bot1]

 

2008 ലാണ് രാജീവന്‍ കൊയിലാണ്ടിയില്‍ ചുമട്ടുതൊഴിലാളിയാവുന്നത്. അതിന് മുമ്പ് അദ്ദേഹം നിര്‍മ്മാണ തൊഴിലാളിയായിരുന്ന രാജീവന് ഇപ്പോള്‍ 51 വയസുണ്ട്. രാജീവന്‍ മാത്രമല്ല, കുടുംബവും അടിയുറച്ച കമ്യൂണിസ്റ്റുകാരാണ്. ഭാര്യ മിനി രാജീവന്‍ സെക്രട്ടറിയായ ബ്രാഞ്ചിലെ അംഗമാണ്. ഐശ്വര്യയും അശ്വന്ത് രാജുമാണ് മക്കള്‍. അശ്വന്ത് രാജ് ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണ്.