ഗുരു ചേമഞ്ചേരി പുരസ്‌കാരം ഏറ്റുവാങ്ങി വാദ്യകലാരത്‌നം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍


ചേമഞ്ചേരി: അന്തരിച്ച നാട്യാചാര്യന്‍ പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ പേരിലുള്ള ഗുരു ചേമഞ്ചേരി പുരസ്‌കാരം വാദ്യകലാ രത്‌നം മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്ക് സമ്മാനിച്ചു. ഗോവാ ഗവര്‍ണ്ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ളയില്‍ നിന്നുമാണ് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എം. എല്‍. എ. കാനത്തില്‍ ജമീല അധ്യക്ഷത വഹിച്ചു.

കലാപ്രവര്‍ത്തനത്തിന്റെ അനന്ത സാധ്യതകളില്‍ അഭിരമിച്ച ഗുരു ചേമഞ്ചേരിയുടെ പുരസ്‌കാരം അതേ അളവില്‍ തന്നെ കലാലോകത്ത് നിറഞ്ഞു നില്‍ക്കുന്ന അദ്വിതീയനായ ഒരു കലാകരന് സമര്‍പ്പിക്കുന്നത് ഏറെ ഔചിത്യപൂര്‍ണ്ണമായി എന്ന് ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്, കലാമണ്ഡലം മന്‍ പ്രിന്‍സിപ്പാള്‍ ജൂറി ചെയര്‍മാന്‍ കൂടിയായ കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, യു.കെ.രാഘവന്‍ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുള്‍ ഷുക്കൂര്‍ എന്നിവര്‍ സംസാരിച്ചു.

പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ മറുമൊഴി രേഖപ്പെടുത്തി. കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോക്ടര്‍ എന്‍.വി. സദാനന്ദന്‍ സ്വാഗതവും സെക്രട്ടറി സന്തോഷ് സത്ഗമയ കൃതജ്ഞതയും രേഖപ്പെടുത്തി. തുടര്‍ന്ന് സുനില്‍ തിരുവങ്ങൂര്‍ ചിട്ടപ്പെടുത്തിയ സ്വാഗതഗാനം, പ്രശസ്തരായ 13 തായമ്പക കലാകാരന്മാര്‍ 50 വാദ്യ കലാകാരന്മാര്‍ക്കൊപ്പം അണി നിരന്ന തായമ്പകോപദ, അഷ്ടപദിയാട്ടം, കൃഷ്ണാമൃതം – സംഗീതശില്പം, ശ്രീരാമ ചന്ദ്ര ഭജന്‍സ് – നൃത്താവിഷ്‌കാരം എന്നിവ അരങ്ങേറി.