കനത്ത മഴയില്‍ പയ്യോളി ദേശീയപാതയില്‍ വന്‍ ഗതാഗതക്കുരുക്ക്; വലഞ്ഞ് യാത്രക്കാര്‍


പയ്യോളി: കനത്ത മഴയെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്ക്. നന്തി മുതല്‍ പയ്യോളി വരെയും ഇരിങ്ങൽ മുതല്‍ അയനിക്കാട് വരെയും രാവിലെ മുതല്‍ വലിയ ഗതാഗത തടസ്സമാണ് നേരിടുന്നത്. ഇന്നലെ മുതല്‍ ആരംഭിച്ച നിര്‍ത്താതെയുള്ള കനത്തമഴയില്‍ പലയിടങ്ങളിലും വലിയ തോതിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്.

തിക്കോടി പഞ്ചായത്ത് ബസാറില്‍ ഇന്നും വെള്ളക്കെട്ടില്‍ മുങ്ങിയിരിക്കുകയാണ്. രാവിലെ നിരത്തിലിറങ്ങിയ പയ്യോളി ഭാഗത്തേയ്ക്കും തിരിച്ചുമുള്ള ബസ്സുകളെല്ലാം ബ്ലോക്കില്‍ കുടുങ്ങി സമയം തെറ്റിയിരിക്കുകയാണ്. കാറുകളും ചരക്ക് ലോറികളും ഇരുചക്രവാഹനങ്ങളുമടക്കം വലിയ നിരയാണ് രാവിലെ മുതല്‍ റോഡില്‍ കുടുങ്ങിക്കിടക്കുന്നത്. രാവിലെ 7.45 ന് കൊയിലാണ്ടിയില്‍ നിന്നും പുറപ്പെട്ട് ബസ്സ് 9.30 തോടെയാണ് പയ്യോളിയില്‍ എത്താന്‍ കഴിഞ്ഞതെന്ന് യാത്രക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പയ്യോളിയില്‍ നിന്നും 6.15 ന് ആണ് ബസ്സിന്റെ ആദ്യത്തെ ട്രിപ്പ് തുടങ്ങുന്നത്. ട്രിപ്പ് തുടങ്ങിയത് മുതല്‍ ബ്ലോക്ക് രൂപപ്പെട്ടിട്ടുണ്ടെന്നും നിലവില്‍ ബ്ലോക്ക് കണക്കിലെടുത്ത് അഞ്ചോളം ബസ്സുകള്‍ നിരത്തിലിറങ്ങുന്നില്ലെന്നും ബസ് തൊഴിലാളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.