വടകരയില്‍ വൻ മദ്യവേട്ട; ലോറിയിൽ കടത്താൻ ശ്രമിച്ച 180 കുപ്പി മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ


വടകര: നാദാപുരം റോഡ് കെടി ബസാറിൽ ലോറിയിൽ കടത്താൻ ശ്രമിച്ച മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ. കന്യാകുമാരി പാലൂർ സ്വദേശി പ്ലാഗത്ത് വീട്ടിൽ പുരുഷോത്തമനാണ് അറസ്റ്റിലായത്. ക്രിസ്തുമസ്, ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഇന്ന് പുലർച്ചെ നടന്ന എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലാകുന്നത്.

പുതുച്ചേരി സംസ്ഥാനത്ത് മാത്രം വിൽപ്പനാവകാശമുള്ള 140.25 ലിറ്റർ വിദേശ മദ്യം 180 കുപ്പികളിലായി ലോറിയിൽ കടത്താനായിരുന്നു ശ്രമം. മദ്യം കടത്താൻ ശ്രമിച്ച KL-01- K-4122 നമ്പർ ലോറി എക്സൈസ് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് പുളിക്കൂൽ, പ്രിവന്റീവ് ഓഫീസർ സായിദാസ് കെ പി, ഉനൈസ് എൻ.എം, ഡ്രൈവർ പ്രജീഷ് ഇ.കെ എന്നിവരടങ്ങിയ സംഘമാണ് വാഹന പരിശോധന നടത്തിയത്.

സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വടകര എക്സൈസിന്റെ നേതൃത്വത്തിൽ അഴിയൂർ മാഹി അതിർത്തി പ്രദേശങ്ങളിൽ കർശനമായ നിരീക്ഷണവും, പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്.