മാവൂർ മർകസ് കോംപ്ലക്സിൽ വൻ തീപിടുത്തം; ഫയലുകളും പുസ്തകങ്ങളും ഫർണിച്ചറുകളും പൂർണമായും കത്തി നശിച്ചു


കോഴിക്കോട്: മാവൂർ റോഡിൽ മർകസ് കോംപ്ലക്സിൽ വൻ തീപിടുത്തം. മർകസ് പള്ളിയുടെ പടിഞ്ഞാറ് വശത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഐ.എ.എം.ഇ കോർപറേറ്റ് ഓഫിസിലാണ് തീപിടുത്തമുണ്ടായത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. തീ ആളിക്കത്തുന്നത് കണ്ട് അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ബീച്ച്, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്ന് അഞ്ചു യൂണിറ്റാണ് എത്തിയത്. ഇവർ ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. പള്ളിയിലേക്കും തൊട്ടടുത്ത മറ്റ് കെട്ടിടങ്ങളിലേക്കും തീ പടരുന്നതിന് മുൻപ് തന്നെ അഗ്നിശമനസേന തീ അണച്ചതോടെ ഒഴിവായത് വലിയ ദുരന്തം.

നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടമാണ് ഇത്. സുന്നി മാനേജ്മെന്റ് അസോസിയേഷന്റെ ഉൾപ്പെടെയുള്ള ഓഫീസുകളുണ്ട്.

തീപിടുത്തത്തിൽ ഐ.എ.എം.ഇ കോർപറേറ്റ് ഓഫിസിന്റെ മുറിയിലെ ഫയലുകളും പുസ്തകങ്ങളും ഫർണിച്ചറുകളും പൂർണമായും കത്തി നശിച്ചു.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.

summary:

Massive fire breaks out at Mavoor Markus Complex. Files, books and furniture were completely destroyed