സായുധ സേനയുടെ സുരക്ഷയുള്ള കേരളത്തിലെ ഏക പഞ്ചായത്ത് പ്രസിഡന്റ്; മാവോയിസ്റ്റുകളുടെ വധഭീഷണിയിൽ തളരാതെ ചക്കിട്ടപാറ പഞ്ചായത്തിനെ നയിക്കുന്ന കെ.സുനിൽ (വീഡിയോ കാണാം)
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വന്നിറങ്ങുന്നത് കാണുമ്പോൾ ആദ്യം ഒന്ന് ഞെട്ടും. ഇതിനു പിന്നിലെ കഥയറിയുന്നതോടെ അത് അമ്പരപ്പിലേക്കു വഴിമാറും. ആയുധധാരികളുടെ അകമ്പടിയോടെ നടക്കുന്ന കേരളത്തിലെ ഏക പഞ്ചായത്ത് പ്രസിഡന്റാണ് കെ സുനിൽ.
മാവോയിസ്റ്റുകളാണ് ഈ കഥയിലെ വില്ലന്മാർ. മാവോയിസ്റ്റ് ആക്രമണവും അവരുടെ നാട് സന്ദർശനവും തുടർച്ചയായതോടെയാണ് പ്രസിഡന്റ്റിനായി പ്രത്യേക സുരക്ഷ ഒരുങ്ങിയത്. മാവോയിസ്റ്റുകളുടെ നോട്ട പുള്ളി കൂടിയാണെന്ന് മനസ്സിലായതോടെ പോലീസ് ഉടനെ തന്നെ ഇത്തരത്തിലൊരു നിർദ്ദേശം വയ്ക്കുകയിരുന്നു.
മാവോയിസ്റ്റുകളുടെ നാട് സന്ദർശനത്തിൽ സുനിലിനെ പറ്റിയുള്ള കാര്യങ്ങൾ ചോദിച്ചറിയുകയും അദ്ദേഹത്തിൻറെ വീടിന്റെ അടുത്ത വരെ എത്തുകയും ചെയ്തതോടെ സംഭവം ഗുരുതരമാണെന്ന് ഏവർക്കും ബോധ്യമായി. അങ്ങനെയാണ് മന്ത്രിമാർക്ക് പോലും ലഭിക്കാത്ത സുരക്ഷ ആഭ്യന്തര വകുപ്പ് സുനിലിനായി ഒരുക്കിയത്.
കഴിഞ്ഞ ആറു മാസമായി തോക്കു പിടിച്ച് രണ്ടു പേര് തന്നോടൊപ്പം എപ്പോഴുമുണ്ടെന്ന് സുനിൽ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. തോട്ടം തൊഴിലാളികളുടെ വിഷയവും മുതുകാട്ടിലെ ഇരുമ്പയിർ ഖനന നീക്കത്തിനെതിരെയാണ് പ്രധാനമായും മാവോയിസ്റ്റുകൾ പ്രചാരണം നൽകുന്നത്.
ഒരുകാലത്ത് മാവോയിസ്റ്റുകൾ കയറിയിറങ്ങിയിരുന്ന ചക്കിട്ടപ്പാറയിലെ ട്രൈബൽ കോളനികളിലെ അവരുടെ വിഹാരം തടഞ്ഞതോടെയാണ് താൻ അവരുടെ ശത്രുലിസ്റ്റിൽ എത്തിയതെന്ന് സുനിൽ പറഞ്ഞു. ട്രൈബൽ കോളനികളിൽ അവർ സ്ഥിരം കയറിയിറങ്ങുകയും താമസിക്കുകയും ആഹാരം ശേഖരിക്കുകയും ചെയ്യുമായിരുന്നുവെന്നും ഇതിനെതിരെയുള്ള ശക്തമായ ഇടപെടലാണ് തനിക്കെതിരെ ഇവർ തിരിയാനുള്ള കാരണമെന്ന് പ്രസിഡന്റ് പറഞ്ഞു. ഇപ്പോൾ കോളനിയിലുള്ളവരെല്ലാം മാവോയിസ്റ്റുകൾക്കെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതുകൂടാതെ ഇടതു മുന്നണി ഗവണ്മെന്റിന്റെ ഭരണകാലത്ത് പല ഏറ്റമുട്ടുകളിലായി മാവോയിസ്റ്റുകൾ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിനാൽ തന്നെ സി.പി.എമ്മിന്റെ പ്രവർത്തകനെ വധിച്ച് പ്രതികാരം തേടുക എന്ന ലക്ഷ്യവും അവർക്കുണ്ടെന്നു സുനിൽ പറഞ്ഞു.
അതിനിടെ പയ്യാനിക്കോട്ടയിലുള്ള വീട്ടില്‍ നിന്ന് പൊലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് സുനിൽ കഴിഞ്ഞ വർഷം മാറി താമസിച്ചിരുന്നു. അന്ന് ഇദ്ദേഹത്തിനെതിരെ മാവോവാദികള്‍ പോസ്റ്റര്‍ പതിക്കുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തിരുന്നു. മാവോയിസ്റ്റുകൾക്കെതിരെ ഏഴു കേസുകളാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഈ പ്രദേശത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്.