പേരാമ്പ്ര മുതുകാട് സീതപ്പാറയില്‍ മാവോയിസ്റ്റുകള്‍ വഴിയാത്രക്കാരെ തടഞ്ഞു; പഞ്ചായത്ത് പ്രസിഡന്റിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിച്ചു
പേരാമ്പ്ര: മുതുകാട് സീതപ്പാറയില്‍ മാവോയിസ്റ്റ് സാന്നിധ്യം. നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങിയ സംഘം ബുധനാഴ്ച വൈകീട്ട് സീതപ്പാറ കോളനിക്ക് സമീപമെത്തി നാല് വഴിയാത്രക്കാരെ തടഞ്ഞത്. തിങ്കളാഴ്ച പുഷ്പഗിരിയിലെ മൂന്ന് വീടുകളിലെത്തിയ ശേഷമാണ് ഇവര്‍ സീതപ്പാറയിലെത്തിയത്.
ഇവരോട് ഭക്ഷണമാവശ്യപ്പെട്ടപ്പോള്‍ തരാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് രണ്ട് പേരെ വിട്ടയച്ചു. ഭക്ഷണം കൊണ്ടുവരുന്നതു വരെ ബാക്കി രണ്ട് പേരെ ബന്ദികളാക്കി. ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനെ കുറിച്ചുള്ള വിവരങ്ങള്‍ മാവോയിസ്റ്റുകള്‍ ഇവരോട് അന്വേഷിച്ചു.
വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ നേരത്തേ തന്നെ പഞ്ചായത്ത് പ്രസിഡന്റിന് ആന്റി നക്‌സല്‍ സേനയുടെ കാവലുണ്ട്. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചക്കിട്ടപാറ പഞ്ചായത്ത് മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സായുധരായ ആറംഗ സംഘത്തെ പല ദിവസങ്ങളിലും മുതുകാട് മേഖലയില്‍ കാണുന്നതായി നാട്ടുകാര്‍ പറയുന്നു.