അന്ന് തീവണ്ടി തട്ടിയുള്ള മരണം കുറവായിരുന്നു, അടിപ്പാത മാഞ്ഞ് പോയതോടെ തുടങ്ങിയതാണ് ട്രാക്കിലെ മനുഷ്യക്കുരുതി; എത്ര പെട്ടെന്നാണ് പന്തലായിനിക്കാരുടെ ജീവിതം റെയിൽ പാതയിൽ തട്ടി തകിടം മറിഞ്ഞത്: മണിശങ്കർ എഴുതുന്നു


മണിശങ്കർ

കൊയിലാണ്ടി: സ്കൂൾ വിട്ട് വന്നാൽ എൻ്റെയും എൻ്റെ പ്രായത്തിലുള്ളവരുടെയും അക്കാലത്തെ പ്രധാന ജോലി കശുമാവിൻ ചോട്ടിലേക്ക് ഓടുകയാണ്. വീണ് കിടക്കുന്ന അണ്ടികൾ പെറുക്കി സന്ധ്യയോടടുത്താണ് വീടണയുക. അങ്ങനെ പെറുക്കി കൂട്ടുന്ന അണ്ടികൾ ശേഖരിച്ചു വച്ച് വിഷുവിനോടനുബന്ധിച്ച് അങ്ങാടിയിൽ കൊണ്ടു പോയി വിൽക്കും.

അമ്മാച്ഛനോടൊപ്പം കൊയിലാണ്ടിക്ക് പോകാൻ കിട്ടുന്ന അവസരം സന്തോഷത്തിൻ്റെതാണ്. കോതമംഗലത്ത് ചന്തയുണ്ടെങ്കിൽ പൊരിയും ചക്കരയും ഈത്തപ്പഴവും ആലവട്ടവും കിട്ടും.  പലപ്പോഴും കീറിയ കുടുക്ക് പോയ വക്ക് പൊട്ടിയ ഷർട്ട്, ടയർ അടിച്ച് ഓടുമ്പോൾ എന്നിൽ നിന്ന് ഊർന്നിറങ്ങി പോവാതിരിക്കാൻ ഇടത്തെ കൈ കൊണ്ട് ഞാൻ മുറുക്കി പിടിക്കുന്ന പിന്നിൽ തുള വീണ ട്രൗസർ… അങ്ങനെ തുണിയുടെ പരിദേവനങ്ങൾക്കും  ഡിപ്പാർട്ട്മെൻറ് സ്റ്റോഴ്സിൽ നിന്ന് പുതിയത് വാങ്ങി തന്ന് അമ്മാച്ചൻ പരിഹാരം കണ്ടെത്തും.

വിഷുക്കാലമാണെങ്കിൽ അണ്ടി വിറ്റകാശിന് കോടതിക്ക് മുന്നിലെ പിടികയിൽ നിന്ന് പടക്കം വാങ്ങാം. അമ്മാച്ഛനും കൊയിലാണ്ടിയിൽ നിന്ന് ഒരോന്നും വാങ്ങിക്കൂട്ടും. ഓലകൊണ്ട് മെടഞ്ഞ കൊട്ട നിറയെ മത്തി, കപ്പ, ഒരടുക്ക് വെറ്റിലേം ഒരു പിടി പൊകേലേം. ഒരു കെട്ട് പ്ലാവിലേം കടലപിണ്ണാക്കും. അങ്ങനെ തിരിച്ച് വീട്ടിലേയ്ക്ക് വരുമ്പോ ഒരു ചൊമട് സാധനങ്ങൾ ഉണ്ടാവും. അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് കോമപ്പൻ ചെട്ട്യാരുടെ ഇടവഴിയിലൂടെയാണ്.

ചെട്ട്യാരുടെ വീടിൻ്റെ മുന്നിലെ ഇട മാതരംവള്ളി പറമ്പിൻ്റെ അറ്റത്ത് അവസാനിക്കുമ്പോൾ റെയിൽപ്പാലത്തിൻ്റെ അടിയിലൂടെയാണ് യാത്ര. പാലം എന്ന് പറഞ്ഞാൽ കോൺക്രീറ്റ് ചെയ്ത് സംഭവമാക്കിയതൊന്നുമല്ല കേട്ടോ. പണ്ടൊക്കെ റയിൽവേ ട്രാക്കിലുണ്ടായിരുന്ന മരത്തിൻ്റെ സ്ലീപ്പറുകളില്ലേ, അത് പാകിയതിൻ്റെ അടിയിലൂടെ പോകുന്ന കാര്യമാ പറഞ്ഞത്. ഓടുന്ന വണ്ടിയിൽ നിന്ന് മലവും മൂത്രവും താഴോട്ട് പതിക്കും. അതു കൊണ്ട് വണ്ടി പോകുമ്പോൾ ഞങ്ങൾ കാത്തു നില്ക്കും. പൊതുവെ കുനി നടക്കാറുള്ള അമ്മാച്ഛൻ പാലത്തിനടിയിൽ എത്തിയാൽ ഒന്നുകൂടി നട്ടെല്ല് വളയ്ക്കും. ഞാനാണെങ്കിൽ അങ്ങോട്ട് കാഴ്ചകൾ കണ്ടും ഇങ്ങോട്ട് ആലവട്ടത്തിൽ കൗതുകം പൂണ്ടും എന്തൊക്കെയോ നേടിയവൻ്റെ പത്രാസിലും നാലുപാടും നോക്കി നടക്കും.

പിന്നെ എപ്പോഴാണ് ഇവിടുത്തെ പാലം മാഞ്ഞ് പോയത്? പാത ഇരട്ടിപ്പിച്ചപ്പോഴോ? റെയിലിന് അപ്പുറത്തും ഇപ്പുറത്തും റോഡ് വന്നപ്പോഴോ? പാലം പോയതോടെ ഞങ്ങളുടെ നാട്ടുകാർ അല്ലലും അലട്ടലും ഇല്ലാതെ റെയിലിന് അപ്പുറത്തേക്കും ഇപ്പുറത്തേയ്ക്കും സഞ്ചരിച്ച ഒരു വഴിയാണ് എന്നന്നേക്കുമായി അടഞ്ഞു പോയത്. ഇന്നവിടം കണ്ടാൽ അടിപ്പാത നിന്നിടത്ത് അങ്ങനെ ഒന്ന് ഉണ്ടായിരുന്നോ എന്ന് പോലും സംശയിച്ച് പോകും.

പണ്ട് അടിപാത ഉണ്ടായിരുന്ന സ്ഥലം

ഓണക്കാലത്ത് റെയിൽവേ പരിസരത്തും മരാമുറ്റം തെരുവിലും പന്തലായിനി അമ്പലത്തിലും ഒക്കെയാണ് ഞങ്ങൾ പൂവ് അന്വേഷിച്ച് നടക്കാറ്. മഴക്കാലത്ത് നല്ല തകര സ്റ്റഷന് ചുറ്റും കാടുപോലെ വളർന്നിട്ടുണ്ടാകും. മാലിന്യം ഇല്ലാത്തിടത്ത് നിന്ന് തകര ആളുകൾ നുള്ളും. പ്ലാറ്റ്ഫോമിന് മുന്നിൽ ഗൂർഖകൾ തമസിച്ച ഒരു വലിയ കെട്ടിടവുമുണ്ടായിരുന്നു. പൂ തേടി കറങ്ങി തിരിഞ്ഞ് ഞങ്ങൾ ആ കെട്ടിടത്തിന് സമീപം എത്തുമ്പോൾ ഡാൽഡയിൽ മൊരിയുന്ന ചപ്പാത്തിയുടെ നല്ല സുഖമുള്ള മണം ഉയരുന്നുണ്ടാകും.

അന്ന് ബപ്പൻകാടും സ്റ്റേഷൻ റോഡിലും ആളുള്ള ലെവൽ ക്രോസുകളുണ്ടായിരുന്നു. മോട്ടോർ വാഹനങ്ങളും അധികമില്ല. മാതുക്കുട്ടി ഡോക്ടറുടെ വീട്ടിലായിരുന്നു ഒരു അംബാസിഡർ കാർ ഉണ്ടായിരുന്നത്. കറുത്ത ആ കാറ് അന്നൊരു കൗതുക കാഴ്ച തന്നെയായിരുന്നു. വീട്ടിലേയ്ക്ക് ആ കാറ് കൊണ്ട് പോകാൻ വേണ്ടി ഡോക്ടറുടെ ഭർത്താവ്, കെ.പി.സി.സി അംഗമൊക്കെയായിരുന്ന ഗോപാലേട്ടൻ റയിൽവേയിൽ നിന്ന് പാട്ടത്തിനെടുത്തതായിരുന്നു പന്തലായനി റോഡിൻ്റെ തുടക്കം.

ഒറ്റപ്പെട്ട ചില റോഡുകളായതോടെ ആത്മഹത്യകളല്ലാതെ അന്ന് വണ്ടി തട്ടിയുള്ള മരണം കുറവായിരുന്നു. പാത ഇരട്ടിപ്പിച്ചതോടെ, അടിപ്പാത മാഞ്ഞ് പോയതോടെ, ഇടകളൊക്കെ റയിൽവേ ഗേറ്റും വഴിയും തേച്ച് മാച്ച് കളത്തതോടെ തുടങ്ങിയതാണ് ട്രാക്കിലെ മനുഷ്യക്കുരുതി… ഒരു നാട് പുറത്തേക്ക് പോവുമ്പോഴും അകത്തേയ്ക്ക് കടക്കുമ്പോഴും ആരെങ്കിലും ഒരാൾ മരിച്ചിട്ടുണ്ടാവും എന്ന അവസ്ഥയിലേക്ക് ഇന്നത് മാറിയിരിക്കുന്നു.

കൃഷ്ണ കിരീടം പറിക്കാനും തുമ്പ നുള്ളാനും തകരപറിക്കാനും കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉല്ലാസത്തോടെ റെയിവെ പരിസരത്തെത്തിയിരുന്ന കാലത്തിൽ നിന്ന് എത്ര പെട്ടെന്നാണ് പന്തലായിനിക്കാരുടെ ജീവിതം റെയിൽ പാതയിൽ തട്ടി തകിടം മറിഞ്ഞത്. രണ്ട് കൈ വിരലുകൊണ്ടു എണ്ണിയാലും തീരാത്ത അത്ര ആളുകളാണ്… സ്കൂളിൽ പഠിക്കുന്ന പിഞ്ച് കുഞ്ഞ്, വീട്ടമ്മമാർ, കോളജ് വിദ്യാർത്ഥിനി, വീടിൻ്റെ നെടുംതൂണായവർ… അങ്ങനെ എത്രയെത്ര പേരാണ് വീട്ടിലെത്താനുള്ള ബന്ധപ്പാടിനിടയിലും കൊയിലാണ്ടിയിലെത്താനുള്ള തിരക്കിനിടയിലും സുരക്ഷിത വഴിയില്ലാത്തതിനാൽ വണ്ടിക്കടിയിൽ പെട്ട് മരിക്കേണ്ടി വന്നത്; ഒരുമിച്ച് നിന്ന് മൗലികഅവകാശം നേടിയെടുക്കാനുളള ഒരു ജനതയുടെ പരാജയത്തിന് മുന്നിൽ ബലിയാടാകേണ്ടി വന്നത്, രക്തസാക്ഷികളാകേണ്ടി വന്നത്.