മാമ്പറ്റയിൽ ക്ഷേത്രകുളത്തിൽ മധ്യവയസ്കൻ മുങ്ങിമരിച്ചു


മുക്കം: ജില്ലയിൽ വീണ്ടും മുങ്ങി മരണം. മുക്കം മാമ്പറ്റയിൽ മധ്യവയസ്കൻ മുങ്ങിമരിച്ചു. മുക്കം നെടുമങ്ങാട് സ്വദേശി ഭാസ്കരൻ ആണ് ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ചത്. അൻപത് വയസ്സായിരുന്നു.

ഇന്നലെയായിരുന്നു സംഭവം. മുക്കം മാമ്പറ്റ വട്ടോളി ദേവി ക്ഷേത്രത്തിൻ്റെ കുളത്തിൽ കുളിക്കുന്നതിനിടയിലാണ് മുങ്ങി മരിച്ചത്.

വൈകിട്ട് ആറരയോടെയാണ് അപകടം സംഭവിച്ചത്. ഉടനെ തന്നെ തിരച്ചിൽ ആരംഭിച്ചു. ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും 7.30 ഓടെ മൃതദേഹം കണ്ടെത്തി.

അഞ്ച് പേരടങ്ങുന്ന സംഘം ആറ് മണിയോടെയാണ് കുളത്തിലിറങ്ങിയത് നീന്തുന്നതിനിടെ പായലുംചണ്ടിയും കാലിൽ കുടുങ്ങി ചെളിയിൽ താഴ്ന്നു പോയതാണെന്നാണ് സംശയിക്കുന്നത്.

പുറത്തെടുത്ത ഉടനെ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് അഗ്നി രക്ഷാ സേനയും സംഭവ സ്ഥലത്തെത്തിയിരുന്നു.

തുടര്‍നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രമീളയാണ് ഭാസ്ക്കരൻ്റെ ഭാര്യ. മക്കൾ: അഭിനന്ദ്, ഭവ്യ.