റെയില്‍വേ സ്റ്റേഷന് സമീപം ഉറങ്ങിക്കിടക്കവേ സുഹൃത്ത് തീവെച്ച്‌ ഗുരുതരമായി പൊള്ളലേറ്റ കൊടുവള്ളി സ്വദേശി മരിച്ചു


കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം കടവരാന്തയില്‍ ഉറങ്ങിക്കിടക്കവേ മദ്യലഹരിയില്‍ സുഹൃത്ത് തീവെച്ച്‌ ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു. കൊടുവള്ളി സ്വദേശി ഷൗക്കത്ത് ആണ് മരിച്ചത്. 48 വയസ്സായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയാണ് മരണം.

കഴിഞ്ഞ മാസം 17 നായിരുന്നു സംഭവം. ഷൗക്കത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി മണിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. എന്നാൽ ഷൗക്കത്തിന്റെ മൃതദേഹം ബന്ധുക്കളാരും ഏറ്റെടുക്കാന്‍ തയാറായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.