ജീപ്പോടിക്കുന്നതിനിടെ കുഴഞ്ഞുവീണു; നടി സുരഭി ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു


 

 

 

 

കോഴിക്കോട്: ഭാര്യയ്ക്കും കുഞ്ഞിനുമായി കോഴിക്കോട് നഗരത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടയില്‍ കുഴഞ്ഞുവീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. പട്ടാമ്പി സ്വദേശിയായ മുസ്തഫ മരിച്ചത്. ജീപ്പ് ഓടിക്കുന്നതിനിടെ പക്ഷാഘാതം വന്നു വീണ മുസ്തഫയെ നടി സുരഭിയുടെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രി തൊണ്ടയാട് ബൈപാസിലാണ് സംഭവം.

വീടു വിട്ടിറങ്ങിയ ഭാര്യയെയും കുഞ്ഞിനെയും തേടി ഇറങ്ങിയതായിരുന്നു മുസ്തഫ. ജീപ്പ് ഓടിക്കവെ കുഴഞ്ഞ് വീണു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ പല വാഹനങ്ങള്‍ക്കും കൈകാട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല. ഇഫ്താര്‍ വിരുന്ന് അതുവഴിപോവുകയായിരുന്ന സുരഭിയാണ് ഇവര്‍ക്ക് തുണയായത്. സുരഭി പൊലീസ് സ്റ്റേഷനില്‍ വിളിച്ച് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്നു രാവിലെയാണു മനോദൗര്‍ബല്യമുള്ള യുവതി ഒരു കുഞ്ഞിനെയും കൊണ്ടു പുറത്തു പോയത്. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നു ഭര്‍ത്താവ് ഇളയ കുഞ്ഞിനെയും കൂട്ടി ജീപ്പില്‍ ടൗണില്‍ അന്വേഷിച്ചിറങ്ങി. രണ്ടു കൂട്ടുകാരും കൂടെയുണ്ടായിരുന്നു. പകലന്തിയോളം നഗരത്തിലുടനീളം തിരഞ്ഞിട്ടും കണ്ടെത്താനായില്ല.

Also Read- ആന്‍ഡ്രോയിഡ് ഫോണാണോ ഉപയോഗിക്കുന്നത്? എങ്കില്‍ സൂക്ഷിക്കുക; ഒക്ടോ വന്‍ പണിയാകും

ഇരുട്ടിയതോടെ പൊലീസില്‍ പരാതി നല്‍കിയ ശേഷം വീട്ടിലേക്കു മടങ്ങി. ഇതേ സമയത്താണ് നടന്നു തളര്‍ന്ന നിലയില്‍ യുവതിയും കുഞ്ഞും മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെത്തിയത്. യുവതിയുടെ സംസാരത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസുകാര്‍ അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം നല്‍കിയ ശേഷം സ്റ്റേഷനില്‍ സുരക്ഷിതരായി ഇരുത്തി. യുവതിയുടെ കയ്യില്‍ നിന്നു ഭര്‍ത്താവിന്റെ നമ്പര്‍ വാങ്ങി ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞെങ്കിലും സംസാരം തീരുന്നതിനുള്ളില്‍ ഭര്‍ത്താവിന്റെ ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫായി.

രണ്ടു കൂട്ടുകാരെയും കുഞ്ഞിനെയും കൂട്ടി ഭര്‍ത്താവ് ഉടന്‍ പൊലീസ് സ്റ്റേഷനിലേക്കു ജീപ്പില്‍ പുറപ്പെട്ടെങ്കിലും രാത്രി പത്തു മണിയോടെ രാമനാട്ടുകര തൊണ്ടയാട് ബൈപാസില്‍ തൊണ്ടയാട് മേല്‍പാലത്തിനു താഴെ എത്തിയപ്പോള്‍ കലശലായ നെഞ്ചുവേദന അനുഭവപ്പെട്ടു വാഹനത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഡ്രൈവിങ് വശമില്ലാത്ത കൂട്ടുകാര്‍ പുറത്തിറങ്ങി നിന്നു വാഹനങ്ങള്‍ക്കു കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല.

നഗരത്തിലെ ഒരു ഇഫ്ത്താറില്‍ പങ്കെടുത്ത് വീട്ടിലേക്കു കാറോടിച്ചു മടങ്ങുകയായിരുന്ന നടി സുരഭിലക്ഷ്മി ഇവരെക്കണ്ട് വാഹനം നിര്‍ത്തുകയും ജീപ്പിനുള്ളില്‍ അവശനിലയില്‍ കിടക്കുന്ന യുവാവിനെക്കണ്ട് വിവരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയപ്പോള്‍ സുരഭിയും കൂടെപ്പോയി. യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനെയും കൂട്ടി സുരഭി പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു. ഇതിനിടയില്‍, സുരഭിയോടൊപ്പം വന്ന കുഞ്ഞിനെ സ്റ്റേഷനിലുണ്ടായിരുന്ന അമ്മ തിരിച്ചറിയുകയായിരുന്നു.