കോട്ടയത്ത് മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം പിതാവ് ജീവനൊടുക്കി



പാലാ: കോട്ടയത്ത് മൂന്ന് പെണ്‍മക്കളുടെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം പിതാവ് ജീവനൊടുക്കി. പതിമൂന്നും പത്തും ഏഴും വയസുള്ള കുട്ടികളെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പാലാ രാമപുരത്താണ് സംഭവം. ചേറ്റുകുളം സ്വദേശിയായ ജോമോന്‍ (പുലിക്കുന്നേല്‍ ജോമോന്‍ -40) ആണ് ആത്മഹത്യ ചെയ്തത്. കുട്ടികളുടെ നില ഗുരുതരമാണ്.

ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടികളിലൊരാള്‍ നിലവിളിച്ച് അടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവസ്ഥലത്തെത്തിയ പ്രദേശവാസികള്‍ ഉടന്‍ തന്നെ പെണ്‍കുട്ടികളെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇവരെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അനന്യ 13, അമേയ 10, അനാമിക ഏഴ് എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ അനാമികയുടെ നില അതീവ ഗുരുതരമാണ്.

ഒരു വര്‍ഷത്തിന് മുന്നേ ജോമോന്റെ ഭാര്യ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. പെണ്‍മക്കളോടൊപ്പമായിരുന്നു ജോമോന്‍ താമസിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജോമോന് മാനസിക സംഘര്‍ഷമുണ്ടായിരുന്നുവെന്നും അതായിരിക്കാം കൃത്യത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.