നാദാപുരത്ത് വീട്ടില്‍ കയറി വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകടന്ന് യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം, പിന്നാലെ തീകൊളുത്തി ആത്മഹത്യ ചെയ്ത് യുവാവ്


വടകര: നാദാപുരത്ത് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം യുവാവ് തീക്കൊളുത്തി മരിച്ചു. ജാതിയേരി പൊന്‍പറ്റ വീട്ടില്‍ രത്‌നേഷ് (41) ആണ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിനു സമീപമുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് യുവതി കിട്കുന്ന രണ്ടാമത്തെ നിലയിലെത്തുകയും വാതില്‍ തല്ലിതകര്‍ത്ത് അകത്തു കടക്കുകയുമായിരുന്നു.

യുവതിയുടെ മുറിയില്‍ കയറിയ യുവാവ് തീവെക്കുകയായിരുന്നു. വീടിനുള്ളില്‍ തീയിടാനായിരുന്നു യുവാവിന്റെ ശ്രമം. ആക്രമണത്തില്‍ യുവതിയ്ക്കും സഹോദരനും പൊള്ളലേറ്റിട്ടുണ്ട്.

വീട്ടില്‍ തീപടരുടന്നത് കണ്ട അയല്‍വാസിയായ സ്ത്രീ ബഹളംവെച്ച് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും യുവാവ് താഴേക്ക് ഇറങ്ങി വരികയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.

ദേഹമാസകലം പൊള്ളലേറ്റ് മരിച്ചു കിടക്കുന്ന നിലയിലായിരുന്നു രത്‌നേഷ്. യുവതിയുടെയും ബന്ധുക്കളുടെയും പരിക്ക് സാരമുള്ളതല്ല. ഇവരെ വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. കണ്ണൂര്‍ ജില്ലയിലെ യുവാവുമായി ഏപ്രില്‍ നാലിന് വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

നാദാപുരം ഡി.വൈ.എസ്.പി ടി.പി ജേക്കബ്, വളയം സി.ഐ എ.അജീഷ് എന്നിവര്‍ സ്ഥലത്തെത്തി. രത്‌നേഷിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.