പത്തുലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി കോഴിക്കോട് മധ്യവയസ്‌കന്‍ അറസ്റ്റില്‍; അറസ്റ്റിലായത് അമിതമായി ലഹരി ഉപയോഗിച്ച് യുവാവ് മരണപ്പെട്ട കേസിലെ പ്രതി


കോഴിക്കോട്: ചില്ലറ വിപണിയില്‍ പത്തുലക്ഷത്തോളം രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗറുമായി മധ്യവയസ്‌കന്‍ പിടിയില്‍. കുണ്ടുങ്ങല്‍ സി.എന്‍ പടന്ന സ്വദേശിയും മെഡിക്കല്‍ കോളേജിന് സമീപം താമസിക്കുകയും ചെയ്യുന്ന സുനീറാണ് (50) അറസ്റ്റിലായത്.
[ad2]

42 ഗ്രാം ബ്രൗണ്‍ ഷുഗറാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. സിറ്റി പൊലീസ് മേധാവി എ. അക്ബറിന്റെ നിര്‍ദേശപ്രകാരം ലഹരിക്കെതിരെ സ്‌പെഷ്യല്‍ ഡ്രൈവ് നടക്കവെ ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തില്‍ കസബ എസ്.ഐ ശ്രീജിത്തും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് ചാലപ്പുറത്തുനിന്ന് വാഹനപരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്.
[ad1]

രണ്ടുവര്‍ഷം മുമ്പ് ഇരിങ്ങാടന്‍ പള്ളിയിലെ മുറിയില്‍ നിന്ന് ബ്രൗണ്‍ ഷുഗര്‍ കൂടുതലായി ഉപയോഗിച്ച് യുവാവ് മരിച്ച കേസിലെ പ്രതിയാണ് പിടിയിലായ സുനീര്‍. ഈ സംഭവത്തിനുശേഷം ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ ലഹരിമരുന്നിന്റെ ഉറവിടം സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ട്. കൂട്ടാളികള്‍ക്കായും പൊലീസ് അന്വേഷണം ആരംഭിച്ചു. മുംബൈയില്‍ നിന്ന് ഗ്രാമിന് 1700 രൂപക്ക് വാങ്ങി 18000 മുതല്‍ 22000 രൂപവരെ വിലയിട്ടാണ് ബ്രൗണ്‍ഷുഗര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍ക്കുന്നത്. യുവാക്കളെ ലക്ഷ്യമിട്ട് വന്‍തോതില്‍ ലഹരി കടത്തുന്ന സംഘങ്ങള്‍ സജീവമാകുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും രാസ ലഹരിക്കെതിരെ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡ് കര്‍ശന നടപടി സ്വീകരിച്ചുവരികയാണെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ ജയകുമാര്‍ അറിയിച്ചു.