കുറ്റ്യാടി സ്വദേശിയായ ഇരുപത്തിമൂന്നുകാരിയുടെ ദുരൂഹ മരണം; കൂടെ താമസിച്ച യുവാവ് അറസ്റ്റില്‍


കുറ്റ്യാടി: കുറ്റ്യാടി സ്വദേശിനിയായ ആദിത്യ ചന്ദ്രന്റെ (23) ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. മാവൂര്‍ സ്വദേശിയായ മുഹമ്മദ് അമല്‍ ആണ് പിടിയിലായത്. വെള്ളിയാഴ്ച്ച രാവിലെ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ, വിവാഹവാഗ്ദാനം നല്‍കി പീഡനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അമലിനെതിരെ കേസെടുത്തത്.

കുറ്റ്യാടി പാറക്കല്‍ സ്വദേശിയും കോഴിക്കോട് സ്വകാര്യ മാളിലെ ജീവനക്കാരിയുമായ ആദിത്യയെ ജൂലൈ 13നാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമലിനൊപ്പം മേത്തോട്ടുതാഴത്തെ ഗണപതിക്കുന്നിനു സമീപത്തെ വീട്ടില്‍ താമസിക്കുന്നതിനിടയിലാണ് യുവതി മരിച്ച നിലയില്‍ കാണപ്പെട്ടത്.

തുടര്‍ന്ന് യുവതിയുടെ അച്ഛനില്‍നിന്നും ബന്ധുക്കളില്‍നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. യുവതിയുമായി ഒന്നര വര്‍ഷത്തെ പരിചയമുള്ള മുഹമ്മദ് അമല്‍ വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് വീടെടുത്തു താമസിച്ചതായാണ് അച്ഛന്‍ പറയുന്നത്. മകളുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അറിയിച്ചു. യുവതിയുടെ ബന്ധുക്കള്‍ എത്തും മുന്‍പ് മൃതദേഹം സ്ഥലത്തുനിന്നു മാറ്റിയതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി – വര്‍ഗ സംരക്ഷണ സമിതി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ 5 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് സംസ്ഥാന പട്ടികജാതി ഗോത്രവര്‍ഗ കമ്മിഷന്‍ നോട്ടിസ് നല്‍കിയിരുന്നു. യുവതിക്കൊപ്പം താമസിച്ച മാവൂര്‍ സ്വദേശിയായ വ്യക്തിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ അച്ഛന്‍ നല്‍കിയ ഹര്‍ജിയിലാണ് കമ്മിഷന്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷിച്ച കേസ് അസിസ്റ്റന്റ് കമ്മിഷണര്‍ നേരിട്ട് അന്വേഷിക്കുന്നത്.