യു.എ.ഇയില്‍ ബൈക്ക് റൈഡിനിടെ ഉണ്ടായ അപകടത്തില്‍ ബാലുശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു
ബാലുശ്ശേരി: യു.എ.ഇയിലെ ദിബ്ബയിൽ ബൈക്ക് റൈഡിനിടെ ഉണ്ടായ അപകടത്തില്‍ ബാലുശ്ശേരിക്കാരനായ യുവാവ് മരിച്ചു. ബാലുശ്ശേരി എസ്റ്റേറ്റ്മുക്ക് സ്വദേശിയായ ജപിന്‍ ജയപ്രകാശ് (37) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെയാണ് ബൈക്ക് റൈഡിനിടെ അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജപിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം ഷാര്‍ജയിലെ കലല്‍ബയിലുള്ള ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
രാജ്യാന്തര ബൈക്ക് റൈഡില്‍ പങ്കെടുത്തിട്ടുള്ള താരമാണ് ജപിന്‍. ദുബായ് മോട്ടോര്‍ സിറ്റിയിലെ ഓട്ടോഡ്രാമിലെ സര്‍ക്യൂട്ടില്‍ മലയാളികള്‍ക്കൊപ്പം പരിശീലനം നടത്തിയിരുന്നു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അറ്റസ്റ്റേഷന്‍ സര്‍വീസായ ഐ.വി.എസിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: ഡോ. അഞ്ജു ജപിന്‍. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
യു.എ.ഇയില്‍ മലയാളികളുള്‍പ്പെടുന്ന ബൈക്ക് റൈഡേഴ്‌സിന്റെ ഒട്ടേറെ സംഘങ്ങളുണ്ട്. ഇതില്‍ അംഗമാണ് ജപിന്‍. സംഘങ്ങള്‍ അവധി ദിവസങ്ങളില്‍ ഫുജൈറ, റാസല്‍ഖൈമ തുടങ്ങിയ വടക്കന്‍ എമിറേറ്റുകളില്‍ പതിവായി റൈഡ് നടത്താറുണ്ട്.