‘മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തി, അടിയാളന്മാരെ പോലെ പണിയെടുത്ത ക്ഷേത്ര ജീവനക്കാരുടെ മോചനത്തിനായി നിരന്തരം പോരാടിയ നേതാവ്’; മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറി എ. വേണുഗോപാലന്റെ നാലാം ചരമവാര്‍ഷികത്തില്‍ അനുശോചനമര്‍പ്പിച്ച് കൊയിലാണ്ടി ഏരിയ കമ്മിറ്റി


കൊയിലാണ്ടി: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറി എ. വേണുഗോപാലന്റെ നാലാം ചരമവാര്‍ഷികത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ച് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടിയു) കൊയിലാണ്ടി ഏരിയ കമ്മിറ്റി. യൂണിയന്റെ വിവിധ കേന്ദ്രങ്ങളില്‍ പതാകയുയര്‍ത്തുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.

അത്താഴ പട്ടിണിക്കാരായിരുന്ന മലബാറിലെ ക്ഷേത്ര ജീവനക്കാരെ സംഘടിപ്പിച്ചുകൊണ്ട് സി.ഐ.ടി.യു യൂണിയനു കീഴില്‍ അണിനിരത്തുകയും, തൊഴിലിടങ്ങളിലെ അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ജീവനക്കാരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്ത നേതാവായിരുന്നു എ. വേണുഗോപാലെന്ന് യോഗത്തില്‍ അനുസ്മരിച്ചു.

ഇപ്പോഴും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലാത്ത മലബാര്‍ ദേവസ്വം സമഗ്ര ബില്‍ നിയമമാക്കുന്നതിന് വേണ്ടി നിരന്തരം പോരാടിക്കൊ ണ്ടിരിക്കെ വിടവാങ്ങിയത് യൂണിയനും ക്ഷേത്ര ജീവനക്കാര്‍ക്കും നികത്താന്‍ ആവാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും
അടിയാളന്മാരെ പോലെ പണിയെടുത്ത ക്ഷേത്ര ജീവനക്കാരുടെ മോചനത്തിനായി 2008 ല്‍ ‘മലബാര്‍ ദേവസ്വം ബോര്‍ഡ് ‘ രൂപീകരിക്കുന്നതിനും അതുവരെ നിവേദ്യ പ്രസാദങ്ങള്‍ കൊണ്ട് മാത്രം പട്ടിണി മാറ്റിയ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ വിഭാവനം ചെയ്യുന്നതിനു എ. വേണുഗോപാലന്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്നും യോഗത്തില്‍ അനുശോചിച്ചു.

അനുസ്മരണയോഗം സംസ്ഥാന കമ്മിറ്റി അംഗം കെ. ഗോപേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.കെ. രാകേഷ് സ്വാഗതവും വി.പി.രാജീവന്‍ നന്ദിയും പറഞ്ഞു. യു.കെ. ഉമേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍.കെ രാജു, സുകുമാരന്‍ പന്തലായനി എന്നിവര്‍ സംസാരിച്ചു.

Summary: Malabar Devaswom Employees Union organizes condolence meeting on 4th death anniversary of Venugopalan.