കൂലി 600 രൂപയാക്കുക, ലേബര്‍ ബഡ്ജറ്റ് ഉയര്‍ത്തുക; വിവിധ ആവശ്യങ്ങളുമായി പൂക്കാട് സബ് പോസ്റ്റ് ഓഫീസ് ഉപരോധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍


കൊയിലാണ്ടി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ പൂക്കാട് സബ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉപരോധം യൂനിയന്‍ ഏരിയാ ജോയിന്റ് സെക്രട്ടറി പി.സി.സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയതു.

ഉപരോധത്തില്‍ നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികളാണ് പങ്കെടുത്തത്. കൂലികുടിശ്ശിക നല്‍കുക, കൂലി 600 രൂപയാക്കുക എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് തൊഴിലാളികള്‍ ഉന്നയിച്ചത്. തൊഴില്‍ ദിനങ്ങള്‍ 200 ദിവസമാക്കണമെന്നും ലേബര്‍ ബഡ്ജറ്റ് ഉയര്‍ത്തണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.

പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി.കെ സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ ഏരിയാ വൈസ് പ്രസിഡണ്ട് സതി കിഴക്കെയില്‍, സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശാലിനി ബാലകൃഷ്ണന്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ശാന്ത കളമുള്ളകണ്ടി, സി.കെ ഉണ്ണി, പി. ശൈലജ, ഗീത മുല്ലോളി എന്നിവര്‍ ഉപരോധത്തിന് നേതൃത്വം നല്‍കി. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ധന്യ കരിനാട്ട് സ്വാഗതവും കമ്മിറ്റി അംഗം എം.പി അശോകന്‍ നന്ദിയും പറഞ്ഞു.