വേണമെങ്കിൽ പൂക്കൾ പൂഴിമണലിലും വിരിയും; ചെണ്ടുമല്ലി കൃഷിയിൽ വിജയ​ഗാഥയുമായി കോടിക്കലിലെ മജീദും ഭാര്യ ബുഷ്റയും


മൂടാടി: ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള പൂക്കൾ വിടർന്നു നിൽക്കുന്നു, വേണമെങ്കിൽ പൂക്കൾ കടലോരത്തും വിരിയുമെന്ന് തെളിയിച്ച് മൂടാടി കോടിക്കൽ കടലോരത്തെ മജീദും ഭാര്യ ബുഷ്റയും. കടപ്പുറത്തെ പൂഴിമണലിലാണ് ചെണ്ടുമല്ലി പൂ കൃഷി ചെയ്ത് ഇരുവരും വിജയ​ഗാഥ രചിച്ചത്. ഗ്രാമപഞ്ചായത്തും കൃഷിഭവനും കൂടെ നിന്നപ്പോൾ പദ്ധതി വൻവിജയമായി.

ഗുഡ്സ് ഓട്ടോറിക്ഷാ തൊഴിലാളിയായ മജീദിന് കൃഷിയോട് അടങ്ങാത്ത പ്രേമമാണ്. സ്വന്തമായി ഭൂമിയൊന്നുമില്ലെങ്കിലും കോടിക്കൽ പ്രദേശത്തെ ഒഴിഞ്ഞുകിടക്കുന്ന തരിശ് സ്ഥലങ്ങൾ കണ്ടെത്തി ഉടമസ്ഥരുടെ സമ്മതം വാങ്ങിച്ചാണ് കൃഷി ചെയ്യുന്നത്. നിലക്കടല, തക്കാളി, കുക്കുമ്പർ തുടങ്ങി വൈവിധ്യമാർന്ന വിളവുകൾ മജിദും കുടുംബവും ഉണ്ടാക്കി കഴിഞ്ഞു. പൂർണമായും ജൈവ രീതിയാണ് അവലംബിക്കുന്നത്. കോടിക്കൽ യു.പി.സ്കൂളിൽ നടത്തുന്ന പച്ചക്കറി തോട്ടവും മജിദിൻ്റെ നേതൃത്വത്തിലാണ്.

മൂടാടി ഗ്രാമപഞ്ചായത്ത് ഈ വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ നടപ്പാക്കിയ പൂവിളി പദ്ധതിയുടെ ഭാഗമായാണ് മജീദ് പു കൃഷിയിലേക്ക് കടന്നത്. അഞ്ചു ഗ്രൂപ്പുകളാണ് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൃഷി നടത്തിയത്. മുചുകുന്ന്, പാലക്കുളം, വീമംഗലം എന്നിവടങ്ങളിൽ പുകൃഷി വിജയകരമായി നടന്നു. കടലോരത്തെ കൃഷി പുതിയ പരീക്ഷണമായിരുന്നുവെന്ന് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ പറഞ്ഞു.

പൂ കൃഷിക്ക് നിലമൊരുക്കാൻ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തിയിരുന്നു. വിത്തും വളവും പദ്ധതി വിഹിതമായി കൃഷി ഭവൻ മുഖേന ലഭ്യമാക്കി. തിരദേശവും കര പ്രദേശവും പൂ കൃഷിക്ക് അനുയോജ്യമാണെന്ന് ഈ വർഷത്തെ അനുഭവങ്ങൾ തെളിയിച്ചതായി കൃഷി ഓഫീസർ ഫൗസിയ അറിയിച്ചു.

കോടിക്കൽ നടന്ന പൂ വിളവെടുപ്പ് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ഇൻഷിത, വി.കെ രവീന്ദ്രൻ, ബ്ലോക് പഞ്ചായത്ത് മെമ്പർ സുഹ്റ ഖാദർ, റഷീദ, ബഷീർ കുന്നുമ്മൽ എന്നിവർ പങ്കെടുത്തു.

Summary: Majeed and his wife Bushara have a success story in chendumalli cultivation