പിടികൂടാനെത്തിയ പൊലീസുകാര്‍ക്കുനേരെ കത്തിവീശി; താമരശ്ശേരി ലഹരിമാഫിയ അക്രമക്കേസിലെ മുഖ്യപ്രതിയെ അതിസാഹസികമായി കീഴ്‌പ്പെടുത്തി പൊലീസ്


താമരശ്ശേരി: താമരശ്ശേരിയിലെ ലഹരിമാഫിയ അക്രമവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി അയൂബ് പിടിയില്‍. കുടിക്കില്‍ ഉമ്മരം സ്വദേശിയായ അയൂബിനെ വീട്ടിലെത്തിയാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്.

അറസ്റ്റു ചെയ്യാനെത്തിയ താമരശ്ശേരി പൊലീസ് സംഘത്തിനുനേരെ ഇയാള്‍ കത്തിവീശുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. രക്ഷപ്പെടാനായി മതില്‍ ചാടാന്‍ ശ്രമിക്കുന്നതിനെ ഇയാള്‍ വീണ് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായത്. കൊച്ചി മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് സക്കീര്‍, താമരശ്ശേരി കൂടത്തായി സ്വദേശി വിഷ്ണുദാസ്, തച്ചംപൊയില്‍ ഇരട്ട കുളങ്ങര സ്വദേശി പുഷ്പ, കെ.കെ.ദിപീഷ് എന്നിവരാണ് നേരത്തെ പിടിയിലായത്. അഞ്ചുപേരും സമാന സംഭവങ്ങളില്‍ മുമ്പും പ്രതികളായിട്ടുള്ളവരാണ്.

ലഹരി സംഘം ക്യാമ്പ് ചെയ്തിരുന്നതിന് സമീപത്തെ വീട്ടുടമ സി.സി.ടി.വി ക്യാമറ സ്ഥാപിച്ചതില്‍ പ്രകോപിതരായാണ് സംഘം അക്രമം അഴിച്ചുവിട്ടത്. ലഹരി മാഫിയയുടെ ആക്രമണം നടന്ന വീടിന് സമീപത്ത് കണ്ടെത്തിയ മയക്കുമരുന്ന് ക്യാമ്പ് ഒരു വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരികയാണെന്നും ലഹരി സംഘത്തിനെതിരെ പരാതി നല്‍കിയവരെ സംഘാംഗങ്ങള്‍ ഭീഷണിപ്പെടുത്തിരുന്നതായും പ്രദേശവാസികള്‍ പറയുന്നു.

അയൂബിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ലഹരി സംഘങ്ങള്‍ ക്യാമ്പ് ചെയ്തിരുന്നത്. ഇവിടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എത്തിയിരുന്നതായും നാട്ടുകാര്‍ പറയുന്നു.