നീർത്തട പ്രവൃത്തികള്‍, കിണർ റീചാർജിംഗ് ഉള്‍പ്പടെ പൂര്‍ത്തിയാക്കിയത് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍: മഹാത്മ പുരസ്കാര നിറവിൽ മൂടാടി; തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ ഒന്നാമത്


മൂടാടി: മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മഹാത്മ പുരസ്കാരം മൂടാടി ഗ്രാമപഞ്ചായത്തിന്‌. തൊഴിലുറപ്പ് പദ്ധതിയിലൂടെ 7.47 കോടി രൂപയാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമപഞ്ചായത്ത് സാധാരണക്കാരുടെ കൈകളില്‍ എത്തിച്ചത്‌. പദ്ധതിയുടെ എല്ലാ വിഭാഗത്തിലുമുള്ള പ്രവൃത്തികളും ഏറ്റെടുത്താണ് മൂടാടി ഈ നേട്ടം കൈവരിച്ചത്.

2022-23 സാമ്പത്തിക വര്‍ഷം 1,76,149 തൊഴില്‍ ദിനങ്ങളാണ് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ പൂര്‍ത്തിയാക്കിയത്. 1246 ആളുകൾ 100 ദിവസം തൊഴിൽ ദിനങ്ങളും പൂർത്തീകരിച്ചു.

തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 135 നീർത്തട പ്രവൃത്തികൾ, 18 തൊഴുത്തു നിർത്ത് നിര്‍മ്മാണം, 12 വീതം ആട്ടിൻ കൂട് -കോഴിക്കൂട് നിർമ്മാണം, മൂന്ന് അസോള ടാങ്ക് നിർമ്മാണം, മൂന്ന് കിണർ റീചാർജിംഗ്, 18 മിനി എംസിഎഫ് നിർമ്മാണം, 22 കമ്പോസ്റ്റ് നിർമ്മാണം, 30 സോക്ക് പിറ്റ് നിർമ്മാണം, ഒരു വർക്ക് ഷെഡ്, തീറ്റപ്പുൽ കൃഷി, ഗ്രാമ ചന്ത എന്നിവ നടപ്പാക്കി.

22 തദ്ദേശീയ റോഡുകളും 18 ഓളം കിണർ നിർമ്മാണ പ്രവൃത്തികളുമാണ് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ കാലയളവിൽ പൂർത്തീകരിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ പറഞ്ഞു.