ആഗസ്റ്റ് 10ന് കൊല്ലം പിഷാരികാവില്‍ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും; ഭക്തജനങ്ങള്‍ക്കും ആനയൂട്ട് നടത്താം


കൊല്ലം: ശ്രീ പിഷാരികാവ് ദേവസ്വം കൊല്ലം ക്ഷേത്രസന്നിധിയില്‍ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 10ന് രാവിലെ അഞ്ച് മണിക്ക് മഹാഗണപതി ഹോമം ആരംഭിക്കും. തുടര്‍ന്ന് ഗജപൂജയും. രാവിലെ പത്തുമണിക്കുശേഷമാണ് ആനയൂട്ട് നടക്കുക. പിഷാരികാവ് വിനായക സമിതിയാണ് ആനയൂട്ട് സംഘടിപ്പിക്കുന്നത്.

പിഷാരികാവ് മേല്‍ശാന്തി എന്‍.നാരായണന്‍ മൂസതിന്റെ കാര്‍മ്മികത്വത്തിലാണ് ഗണപതി ഹോമവും ഗജപൂജയും നടക്കുക. അഞ്ച് ആനകളാണ് ആനയൂട്ടില്‍ പങ്കെടുക്കുന്നത്. ബാലുശ്ശേരി ഗജേന്ദ്രന്‍, ബാലുശ്ശേരി ധനഞ്ജയന്‍, ബാലുശ്ശേരി ഉഷശ്രീ, നൂലാടുമ്മല്‍ ഗണപതി, കൊടുമണ്‍ ശിവശങ്കരന്‍ എന്നീ ആനകളാണ് ആനയൂട്ടിനെത്തുന്നത്.

ക്ഷേത്രം ചെയര്‍മാന്‍ എളയിടത്ത് വേണുഗോപാലാണ് ആദ്യ ഊട്ട് നടത്തുന്നത്. എക്‌സിക്യുട്ടീവ് ഓഫീസര്‍ പ്രമോദ് കുമാറും (അസി. കമ്മീഷണര്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്) ചടങ്ങില്‍ പങ്കാളിയാവും. എല്ലാ ഭക്തജനങ്ങള്‍ക്കും ആനയൂട്ട് നടത്താനുള്ള സൗകര്യം ഒരുക്കുമെന്ന് വിനായക സമിതി അറിയിച്ചു. ആനയൂട്ടിനുള്ള ഭക്ഷണങ്ങളും ഭാരവാഹികള്‍ നല്‍കും.