സവര്‍ണ അധിനിവേശത്തില്‍ ശ്വാസം മുട്ടുന്ന കീഴാളദൈവം; ‘മാടൻ മോക്ഷം’ ഏപ്രില്‍ 20ന് കൊയിലാണ്ടിയില്‍


കൊയിലാണ്ടി: നാടകപ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡുകള്‍ നേടിയ ‘മാടൻ മോക്ഷം’ നാടകം കൊയിലാണ്ടിയിലെ അരങ്ങിലെത്തുന്നു. കെ.എസ്.ടി.എ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിലാണ് ഏപ്രില്‍ 20ന് നാടകാവതരണം. മണ്ണിൽ കാലുറപ്പിച്ചു നിൽക്കുന്ന, അടിസ്ഥാന വർഗത്തിന്റെ ദൈവമായ മാടന്റെ കഥയാണ് ‘മാടൻ മോക്ഷം’ എന്ന ദൃശ്യാവിഷ്‌കാരമായി അരങ്ങിലെത്തുന്നത്.

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന അവരുടെ ദൈവത്തെ മുഖത്ത് നോക്കി ചീത്ത വിളിക്കാനും അവർക്ക് സ്വാതന്ത്ര്യം ഉണ്ട്. അവർക്ക് ദൈവം എന്നത് ആകാശത്തെ സ്വർണ സിംഹാസനത്തിലിരുന്ന് വരം നൽകുന്ന ഒരാളല്ല, മറിച്ച് അവരുടെ തന്നെ ജീവിത പരിസരത്തിൽ നിന്നും രൂപപ്പെട്ടു വന്ന ഒന്നാണ്, തങ്ങളിലൊരാൾ. അനീതിക്ക് നേരെ വിരൽ ചൂണ്ടിയപ്പോൾ ചിറയിലും ചെളിയിലും ഒക്കെ തമ്പ്രാക്കന്മാർ ചവിട്ടി താഴ്ത്തിയ തങ്ങളുടെ വല്യച്ഛൻന്മാരാണ് അവർക്ക് മാടനും ദൈവവും ഒക്കെ ഇത്തരം കീഴാള ദൈവങ്ങൾ എങ്ങനെ അപഹരിക്കപ്പെടുകയും ബ്രാഹ്മണ വൽക്കരിക്കപ്പെടുകയും ചെയ്യുന്നു എന്നാണ് മാടൻ മോക്ഷം പറയുന്നത്.

ആലപ്പുഴ മരുതം തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാടകത്തിന് ഇതിനോടകം തന്നെ സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അമേച്വര്‍ നാടക മത്സരത്തില്‍ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മികച്ച നാടകം, മികച്ച സംവിധായകന്‍, മികച്ച നടന്‍ എന്നിങ്ങനെയായിരുന്നു പുരസ്‌കാരം. മരുതം തിയേറ്റേഴ്‌സിന്റെ രണ്ടാമത്തെ നാടകം കൂടിയാണിത്.

ഇരുപത്തിരണ്ട് പേരാണ് നാടകത്തിന്റെ അണിയറയിലും അരങ്ങത്തുമായി പ്രവര്‍ത്തിക്കുന്നത്. ജയചന്ദ്രൻ തകഴിക്കാരൻ (മാടൻ), പ്രമോദ് വെളിയനാട് (കുഞ്ഞൻ), കെ.ബി. അജയകുമാർ, സന്തോഷ്, സുനിത ജോയ്, ശിവൻ അയോധ്യ, ഋതു ദേവ് അയ്യപ്പൻ, വിമൽകുമാർ, അകഷയ്, ദിവ്യ തമ്പുരു എന്നിവരാണ് അഭിനേതാക്കാള്‍.