എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു; മെയ് മാസം മൂന്നാം ആഴ്ചയ്ക്ക് മുമ്പ് ഫലപ്രഖ്യാപനം
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ് എസ് എൽ സി പരീക്ഷ 2025 മാർച്ച് മൂന്ന് മുതൽ 26 വരെ നടക്കും. രാവിലെ 9.30നാണ് പരീക്ഷകൾ തുടങ്ങുക. മെയ് മാസം മൂന്നാം ആഴ്ചയ്ക്ക് മുമ്പ് ഫലപ്രഖ്യാപനമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഫെബ്രുവരി 17ന് തുടങ്ങി 21ന് അവസാനിക്കുന്ന രൂപത്തിലാണ് മോഡൽ പരീക്ഷ ക്രമീകരിച്ചിട്ടുള്ളത്. ഐ ടി മോഡൽ പരീക്ഷ 2025 ജനുവരി 20 മുതൽ 30 വരെയുള്ള തീയതികളിലും, പൊതു പരീക്ഷ ഫെബ്രുവരി ഒന്നു മുതൽ 14 വരെയുള്ള തീയതികളിലും നടത്തും. എസ് എസ് എൽ സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം 72 ക്യാമ്പുകളിലായി പൂർത്തീകരിയ്ക്കും. മൂല്യനിർണയ ക്യാമ്പുകൾ 2025 ഏപ്രിൽ എട്ടിന് ആരംഭിച്ച് 28ന് അവസാനിക്കും.
ഹയർ സെക്കൻഡറി
2025 ലെ ഹയർ സെക്കൻഡറി ഒന്നാംവർഷ പൊതു പരീക്ഷകൾ മാർച്ച് ആറ് മുതൽ 29 വരെയുള്ള ഒമ്പത് ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്. രണ്ടാം വർഷ പരീക്ഷകൾ മാർച്ച് മൂന്ന് മുതൽ 26 വരെയും നടക്കും.
വൊക്കേഷണൽ ഹയർ സെക്കൻഡറി
വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ തിയറി പരീക്ഷ 2025 മാർച്ച് ആറിന് തുടങ്ങി മാർച്ച് 29ന് അവസാനിക്കും. രണ്ടാം വർഷ തിയറി പരീക്ഷ 2025 മാർച്ച് മൂന്നിന് തുടങ്ങി 26ന് അവസാനിക്കും. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷമായിരിക്കും.
രണ്ടാം വർഷ എൻ എസ് ക്യു എഫ് വൊക്കേഷണൽ പ്രായോഗിക പരീക്ഷ 2025 ജനുവരി 15 ന് ആരംഭിച്ച് ഫെബ്രുവരി 24 വരെയാണ്. രണ്ടാം വർഷ നോൺ വൊക്കേഷണൽ പ്രായോഗിക പരീക്ഷ 2025 ജനുവരി 22 ന് ആരംഭിച്ച് ഫെബ്രുവരി 14ന് അവസാനിക്കും.