രണ്ട് നിലകളില്‍ ഓഡിറ്റോറിയമുള്‍പ്പെടെയുള്ള സൗകര്യങ്ങളുമായി മുസ്‌ലിം ലീഗിന് നന്തിയില്‍ ആസ്ഥാനമന്ദിരം ഒരുങ്ങി; എം.ചേക്കുട്ടി ഹാജി സ്മാരകമന്ദിരം ഡിസംബര്‍ 25ന് നാടിന് സമര്‍പ്പിക്കും


നന്തിബസാര്‍: മൂടാടി പഞ്ചായത്തിലെ മുസ്ലിംലീഗിന്റെ ശക്തികേന്ദ്രമായ തീരദേശ മേഖലയായ കോടിക്കലില്‍ മുസ്ലിംലീഗ് പാര്‍ട്ടിക്ക് ആസ്ഥാന മന്ദിരം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. എം.ചേക്കൂട്ടി ഹാജിയുടെ നാമധേയത്തില്‍ സ്വന്തം ഭൂമിയില്‍ രണ്ട് നിലകളിലായി റീഡിംഗ് റൂം, എക്‌സിക്യൂട്ടീവ് ഹാള്‍, ഓഡിറ്റോറിയം, ജനസേവാ കേന്ദ്രം തുടങ്ങി എല്ലാംവിധ ഹൈടെക്ക് സൗകര്യങ്ങളോട് കൂടിയുമാണ് ഓഫീസ് പണിതത്.

ഡിസംബര്‍ 25 വൈകീട്ട് ആറ് മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നാടിന് സമര്‍പ്പിക്കും. പി.വി.അബൂബക്കര്‍ സാഹിബിന്റെ നാമധേയത്തിലുള്ള ഓഡിറ്റോറിയവും ഓഫീസിനോടൊപ്പം അന്‍പതോളം കുടുംബങ്ങള്‍ക്ക് ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള കുടിവെള്ള പദ്ധതിയുടെയും ഉദ്ഘാടനം ചടങ്ങില്‍ നടക്കും.

24ന് രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തല്‍ വിദ്യാര്‍ത്ഥി യുവജന സംഗമവും ഉച്ചക്ക് 2 മണിക്ക് വനിതാലീഗ് സംഗമവും ഓഫീസ് സന്ദര്‍ശനവും നടക്കും. 25 ന് വൈകീട്ട് 3 മണിക്ക് ശക്തി പ്രകടനവും 6 മണിക്ക് പൊതുസമ്മേളനവും നടക്കും. പാര്‍ട്ടി ദേശീയ ജനറല്‍ സിക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും.കെ എം ഷാജി മുഖ്യപ്രഭാഷണം നടത്തും. ഷാഫി ചാലിയം, ടി.ടി.ഇസ്മായില്‍, വെങ്ങളം റഷീദ്, പി.കുല്‍സു ടീച്ചര്‍, മിസ്ഹബ് കിഴരിയൂര്‍, വി.പി.ഇബ്രാഹിം കുട്ടി, സി.ഹനീഫ മാസ്റ്റര്‍ തുടങ്ങിയ മുസ്ലിംലീഗ് സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ സംബന്ധിക്കും.

കോടിക്കല്‍ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വപ്ന സാക്ഷാല്‍കാരമാണ് യാഥാര്‍ത്ഥ്യമായതെന്നും തീരദേശ മേഖലയിലെ മുസ്ലിംലീഗ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പുതിയ കരുത്ത് പകരുമെന്നും നേതാക്കള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ.ഹുസൈന്‍ ഹാജി, പി.ബഷീര്‍, പി.കെ.മുഹമ്മദലി, ശൗഖത്ത് കുണ്ടുകുളം എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Summary: M.Chekutty Haji memorial will be dedicated to the nation on December 25