ന്യൂനമര്‍ദം; അടുത്ത അഞ്ച് ദിവസം കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ മഴയ്ക്ക് സാധ്യത


കൊയിലാണ്ടി: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദം രൂപപ്പെടുന്നതിന്റെ ഫലമായാണ് കോഴിക്കോട് അടക്കമുള്ള ജില്ലകളില്‍ മഴ ലഭിക്കുക.

 

അഞ്ച് ദിവസം മിതമായതോ അല്ലെങ്കില്‍ ഇടത്തരം മഴയോയാണ് കേരളത്തില്‍ ലഭിക്കുകയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീ മീറ്റര്‍ വരെ മഴ ലഭിച്ചേക്കും.

അതേസമയം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ അറിയിപ്പില്‍ കേരളത്തിലെ ഒരു ജില്ലയിലും ഇന്നോ നാളെയോ പ്രത്യേക അലര്‍ട്ടുകളില്ല. നേരത്തെ ചില ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരിുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.

കേരള – കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗങ്ങള്‍, അതിനോട് ചേര്‍ന്ന തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ മത്സ്യബന്ധനം പാടില്ലെന്നാണ് നിര്‍ദേശം.