അടിച്ചു മോനെ അടിച്ചു! ഒറിജിനലിനെ വെല്ലുന്ന ഫോട്ടോസ്റ്റാറ് ലോട്ടറി ടിക്കറ്റുകളുമായി സ്ഥിരമായി പറ്റിച്ച് വ്യാജൻമാർ; അടികിട്ടിയ അവസ്ഥയിൽ വിൽപ്പനക്കാർ; വടകരയിൽ വ്യാപാരിക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ


വടകര: ലോട്ടറി അടിച്ചേ ചേട്ടാ എന്ന് സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റുമായി ആളുകൾ പലപ്പോഴായി വരുമ്പോൾ ഏജന്റുമാർ അറിഞ്ഞിരുന്നില്ല, പുറകാലെ എത്തുന്ന ചതിക്കുഴികൾ. പണം നേടിയ അതേ നമ്പറിൽ അസ്സലിനെ വെല്ലും ഫോട്ടോസ്റ്റാറ്റുകളുമായാണ് വ്യാജന്മാർ എത്തിയത്.

500 രൂപ മുതൽ 5,000 രൂപ വരെ സമ്മാനമുള്ള ടിക്കറ്റുകളുടെ കളർ ഫോട്ടോസ്റ്റാറ്റ് എടുത്താണ് തട്ടിപ്പ്. താരതമ്യേനെ ചെറിയ തുകകളാകുമ്പോൾ നമ്പർ ഒത്തുനോക്കി പണം അപ്പോൾ തന്നെ നൽകുകയാണ് ശീലം. പിന്നീട് ടിക്കറ്റുമായി ലോട്ടറി ഓഫിസിൽ എത്തുമ്പോഴാണ് കബളിക്കപെട്ടു എന്ന് മനസ്സിലാവുക.

ചെറിയ പല തുകകൾ പറ്റിക്കപെട്ട ഒടുവിൽ ലോട്ടറി കച്ചവടക്കാർക്ക് നഷ്ടമാവുന്നത് വൻ തുക. വടകരയിലെ ഒരു ലോട്ടറി വ്യാപാരി ഒരു ലക്ഷത്തോളം രൂപ പറ്റിക്കപെട്ടു. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

നിത്യ ജീവിതത്തിനായി ലോട്ടറി വിൽക്കുന്ന പാവപെട്ടവരാണ് കൂടുതലും ഇതിനിരയാവുന്നത്, പ്രത്യേകിച്ച് അംഗപരിമിതരും സ്ത്രീകളും ഉൾപ്പെടെയുള്ളവവർ.

പണം നൽകി ടിക്കറ്റുമായി ലോട്ടറി ഓഫീസിൽ എത്തി ബാർകോഡ് സ്കാൻ ചെയ്യുമ്പോഴാണ് പ്രശ്നം കണ്ടെത്തിയത്. ടിക്കറ്റ് അച്ചടിക്കുന്ന കടലാസിന്റെ നിലവാരം മെച്ചപ്പെടുത്തിയാൽ പ്രശ്നം പരിഹരിക്കാം എന്നാണ് ടിക്കറ്റ് വിൽപ്പനക്കാർ പറയുന്നത്. വടകരയിൽ വിവിധയിടങ്ങളിൽ നിന്ന് ഇത്തരം പരാതികൾ ഉയരുമ്പോൾ, ഇതിനെതിരെ നടപടികൾ ഉണ്ടായില്ലെങ്കിൽ നിരവധി വീടുകളുടെ അന്നമാണ് നിന്ന് പോവുക.

summary:  Lottery colour photocopy fraud.