പാലക്കുളത്ത് ലോറി ഇടിച്ചുണ്ടായ അപകടം; മരിച്ച രണ്ട് വയസ്സുകാരന് മുഹമ്മദ് ഇഷാന്റെ ഖബറടക്കം ഇന്ന്
കൊയിലാണ്ടി: പാലക്കുളത്ത് ലോറി ഇടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ച രണ്ട് വയസ്സുകാരന് മുഹമ്മദ് ഇഷാന്റെ ഖബറടക്കം ഇന്ന്. മൃതദേഹം വടകര താഴെ അങ്ങാടി വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ആണ് ഖബറടക്കുക. ഇന്നലെ രാവിലെ 11.15 ന് ആണ് അപകടം നടന്നത്. അമിതവേഗതയില്‍ വന്ന ലോറി നിര്‍ത്തിയിട്ടിരുന്ന ഏസ് വാഹനത്തിനും കാറിനെയും ഇടിക്കുകകയായിരുന്നു.
വടകര ചോറോട്ടെ വീട്ടില്‍ നിന്നും അരങ്ങാടത്തെ ബന്ധുവീട്ടിലേക്ക് വന്നതായിരുന്നു മുഹമ്മദ് ഇഷാനും കുടുംബവും. പാലക്കുളത്ത് എത്തിയപ്പോള്‍ കാറിന്റെ ടയര്‍ പഞ്ചറായി. ഇതോടെ വാഹനം റോഡില്‍ നിന്നും അല്പം മാറ്റിനിര്‍ത്തിയിട്ട് ബന്ധുവിനെ വിളിച്ച് കാത്തിരിക്കുകയായിരുന്നു. അമിതവേഗതയില്‍ വന്ന ലോറി കാറിനെ ഇടിച്ച് തെറിപ്പിച്ചു. മുഹമ്മദ് ഇഷാന്റെ ശരീരത്തിലൂടെയാണ് ലോറി കയറിയിറങ്ങിയത്.
അപകടത്തില്‍ ഏഴ് പേര്‍ക്കാണ് പരിക്കേറ്റത്. ഫാത്തിമ ഇസ (6), സുഹറ (55), സെയ്ഫ് (14), ജുമൈല ത്ത് (37), ഷെഫീര്‍ (45), ഫാത്തിമ (17), ലോറി ക്ലീനര്‍ ഗോപി (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ലോറിയുടെ അടിയില്‍ കുടങ്ങിയവരെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്കേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ സുഹറയുടെ മകളുടെ മകനാണ് മരിച്ച മുഹമ്മദ് ഇഷാന്. ഉപ്പ: തൂമാടത്ത് റഷീദ് (ഖത്തര്‍). ഉമ്മ: സബീല. സഹോദരങ്ങള്‍: സിഷാന്, ഹൈസ. റഷീദ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.