കോരപ്പുഴ പാലത്തിനു മുകളിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; പിന്നാലെ വന്ന ടാങ്കർ ലോറിയും ഇടിച്ചു (വീഡിയോ കാണാം)
എലത്തൂർ: കോരപ്പുഴ പാലത്തിന് മുകളിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കോഴിക്കുഞ്ഞുങ്ങളെ കയറ്റി കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായി ഇടിക്കുകയായിരുന്നു.
ഇടിച്ച ലോറിയുടെ പിറകിൽ ഗ്യാസ് ടാങ്കർ ലോറി ഇടിച്ച് മൂന്നു വണ്ടികൾക്കും കേടുപാട് പറ്റി. ഗ്യാസ് ടാങ്കറിൽ ഉണ്ടായിരുന്ന ഡ്രൈവർക്ക് നിസാര പരിക്കേറ്റു. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി രക്ഷാപ്രവർത്തനം നടത്തി.
ക്രയിൻ കൊണ്ടു വന്നാണ് കേടുപാട് പറ്റിയ വണ്ടി റോഡിൽ നിന്നും മാറ്റിയത്. കൊയിലാണ്ടി അഗ്നിരക്ഷാ സേനയുടെ സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി.പി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.