ഒറ്റക്കെട്ടായി മുന്നോട്ട്, തിരുവോണനാളില്‍ പട്ടിണി കിടന്ന് നാട്ടുകാര്‍; തിക്കോടിയില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു
തിക്കോടി: തിക്കോടി ടൗണില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യമുയര്‍ത്തി തിരുവോണ നാളില്‍ പട്ടിണി കിടന്ന് പ്രദേശവാസികള്‍. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. കറുത്ത ഓണം എന്ന പേരില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നടത്തിയ സമരത്തില്‍ പ്രദേശവാസികളും നാട്ടുകാരുമടക്കം 250 പേര്‍ പങ്കെടുത്തു. അടിപ്പാത ആവശ്യമുയര്‍ത്തി സമരം ചെയ്തവര്‍ക്കെതിരെ സെപ്റ്റംബര്‍ 10ന് പൊലീസ് മര്‍ദ്ദനമുണ്ടായിരുന്നു. തുടര്‍ന്ന് തിക്കോടിയിലെ സമരപ്പന്തല്‍ പൊലീസ് നേതൃത്വത്തില്‍ പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍വ്വകക്ഷി യോഗം ചേരുകയും വീണ്ടും സമരപ്പന്തല്‍ നിര്‍മ്മിച്ച് സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് തിരുവോണ ദിവസം സമരം നടത്തിയത്.
കാനത്തിൽ ജമീല എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന അധികൃതരുടെ നടപടികൾ അവസാനിപ്പിച്ച് അടിപ്പാത അടിയന്തരമായി അനുവദിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും, സമാധാനപരമായി നടത്തിയ സമരത്തെ പോലീസ് നേരിട്ട രീതി പ്രതിഷേധാർഹമാണെന്നും എംഎല്‍എ പറഞ്ഞു. വിദ്യാർത്ഥികൾക്ക് വേണ്ടി അഫ്ര ഫാത്തിമ എംഎൽഎക്ക് നിവേദനം സമർപ്പിച്ചു.
വൈകുന്നേരത്തോടെ പ്രസിദ്ധ സാഹിത്യകാരനായ ചന്ദ്രശേഖരൻ തിക്കോടി, വി.കെ അബ്ദുൾ മജീദിന് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു. കർമ്മസമിതി പ്രസിഡണ്ട് വി.കെ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, ജില്ലാ പഞ്ചായത്ത് അംഗം വി.പി ദുൽഖിഫിൽ, തിക്കോടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർ വിശ്വൻ, കെ.പി ഷക്കീല, മെമ്പർമാരായ സന്തോഷ് തിക്കോടി, എൻ.എം.ടി അബ്ദുള്ളക്കുട്ടി, ബിനു കാരോളി മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി റംല, മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പർ ഉസ്ന എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.
സംസ്ഥാന പരിസ്ഥിതി മിത്ര അവാർഡ് ജേതാവ് മണലിൽ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ- സാമൂഹ്യ സംഘടനാ പ്രതിനിധികളായ ഡി ദീപ, ജയചന്ദ്രൻ തെക്കേക്കുറ്റി, സി ഹനീഫ മാസ്റ്റർ, ബിജു കളത്തിൽ, ഹംസ കുന്നുമ്മൽ, ഇബ്രാഹി തിക്കോടി, സഹദ് പുറക്കാട്, പി.കെ ശശി, ടി.പി പുരുഷോത്തമൻ, ചന്ദ്രൻ കെ.കെ, ഹംസ കുന്നുമ്മൽ, ഭാസ്കരൻ തിക്കോടി, എൻ.പി മുഹമ്മദ് ഹാജി, നദീർ തിക്കോടി, പി.ടി സുബൈർ, കെ മുഹമ്മദാലി, ടി.കെ അബ്ദുറഹിമാൻ, രാമദാസൻ കീഴരിക്കര, വിദ്യാർത്ഥി പ്രതിനിധികളായ നാദിർ പള്ളിക്കര, ദിൽജിത്ത് സി കെ എന്നിവർ സംസാരിച്ചു. കൺവീനർ കെ.വി സുരേഷ് കുമാർ നന്ദി പറഞ്ഞു.
റെയിൽവേ സ്റ്റേഷൻ, ജില്ലാ മണ്ണ് പരിശോധന കേന്ദ്രം, കൃഷിഭവൻ, കോടിക്കൽ ഫിഷ് ലാൻഡിങ് സെന്റർ, എഫ്സിഐ ഗോഡൗൺ,പാലൂർ എൽ പി സ്കൂൾ, കോടിക്കൽ യുപി സ്കൂൾഎന്നിവ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തും ഗ്രാമപഞ്ചായത്ത് ഓഫീസ്, സികെജിഎം ഹയർസെക്കൻഡറി സ്കൂൾ, തിക്കോടിയൻ സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പയ്യോളി, ഗവൺമെന്റ് ആശുപത്രി, ബാങ്കുകൾ, ആരാധനാലയങ്ങൾ എന്നിവ റോഡിന്റെ കിഴക്കുഭാഗത്തും സ്ഥിതി ചെയ്യുന്ന നിലവിലെ അവസ്ഥയിൽ റോഡ് മുറിച്ച് കടക്കാൻ അടിപ്പാത നിർമിക്കണം എന്ന് ആവശ്യപ്പെട്ടാണ് കർമസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ രണ്ടുവർഷമായി സമരം നടത്തിക്കൊണ്ടിരിക്കുന്നത്. എം.പി, എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും കേന്ദ്ര-സംസ്ഥാന മന്ത്രിമാർക്കും നാഷണൽ ഹൈവേ അധികൃതർക്കും പലതവണ നിവേദനം കൊടുത്തിട്ടും ഫലം കാണാത്ത സാഹചര്യത്തിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കർമ്മസമിതി ഭാരവാഹികൾ അറിയിച്ചു.
Description: Locals starve on Tiruvanna day; The demand to allow underpass in Thikkodi is getting stronger