”അയ്യോ ഇത് കുളമല്ല, റോഡാണ്” തിക്കോടി ബീച്ച് റോഡും സമീപത്തെ കടകളും സ്ഥാപനങ്ങളും വെള്ളക്കെട്ടില്‍- വീഡിയോ കാണാം


തിക്കോടി: തിക്കോടി പഞ്ചായത്തിന് സമീപം നിരവധി കടകളിലും വീട്ടിലും വെള്ളം കയറി. പടിഞ്ഞാറ് ഭാഗത്ത് ബീച്ച് റോഡില്‍ ഏഴോളം കടകളിലും ഒരു വീട്ടിലുമാണ് വെള്ളം കയറിയത്. വില്ലേജ് ഓഫീസ്, സര്‍വ്വീസ് സഹകരണ ബേങ്ക്, പഞ്ചായത്തിന്റെ വായനശാല എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയ നിലയിലാണ്.

ദേശീയ പാതയുടെ അശാസ്ത്രീയമായ നിര്‍മ്മാണമാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. നേരത്തെ വെള്ളം റോഡിന്റെ കിഴക്ക് ഭാഗത്തേക്ക് ഒഴുകിപ്പോകുമായിരുന്നു. ഇതിനായി ഒരു ഓവുപാലവും ഇവിടെയുണ്ടായിരുന്നു. ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി ഓവുപാലം ഇല്ലാതാവുകയും സര്‍വ്വീസ് റോഡ് വരികയും ചെയ്തതോടെ പടിഞ്ഞാറ് ഭാഗത്തുള്ള വെള്ളം എവിടെയും ഒഴുകിപ്പോകാത്ത സ്ഥിതിയായി.

പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്തോറും ഉയര്‍ന്ന സ്ഥലമായതിനാല്‍ ആ ഭാഗത്തേക്ക് വെള്ളം ഒഴുക്കിവിടുകയെന്നത് പ്രായോഗികമല്ല. കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ വെള്ളം കയറുന്ന സ്ഥിതിയായതോടെ സ്ഥിരമായി ഇവിടെ ഒരു മോട്ടോര്‍വെച്ച് വെള്ളം കിഴക്ക് ഭാഗത്തേക്ക് ഒഴുക്കിവിടുന്ന സ്ഥിതിയായിരുന്നു.

ഇത്തവണത്തെ നേരത്തെ വെള്ളക്കെട്ടുണ്ടായപ്പോള്‍ നാട്ടുകാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാഗാഡ് വാഹനങ്ങളടക്കം തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ റോഡ് പൊളിച്ച മാലിന്യങ്ങള്‍ ഇവിടെ കൊണ്ടിട്ട് നികത്തി താല്‍ക്കാലിക പരിഹാരമുണ്ടാക്കി. എന്നാല്‍ ഇപ്പോള്‍ മഴയൊന്ന് ശക്തിപ്പെട്ടതോടെ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. ഈ പ്രദേശത്തുള്ള നാട്ടുകാര്‍ക്ക് ഈ മലിനജലം കടന്നുവേണം തിക്കോടിയിലേക്ക് വരാന്‍ എന്ന അവസ്ഥയാണ്.