തിക്കോടി അടിപ്പാത നിര്‍മ്മിക്കാതെ സര്‍വ്വീസ് റോഡ് നിര്‍മ്മാണം പുനരാരംഭിക്കാന്‍ നീക്കം; രണ്ട് ബസ് പോലീസ് അകമ്പടിയോടെ പ്രവൃത്തി തുടങ്ങുവാന്‍ എത്തിയ അധികൃതരെ തടഞ്ഞ് നാട്ടുകാര്‍
തിക്കോടി: തിക്കോടി സര്‍വ്വീസ് റോഡ് നിര്‍മ്മാണം പുനരാരംഭിക്കാനുള്ള നീക്കം വീണ്ടും തടഞ്ഞ് നാട്ടുകാര്‍. ഇന്ന് രാവിലെ 10.30 തോടെയാണ് സംഭവം. അടിപ്പാത നിര്‍മ്മിക്കാതെ സര്‍വ്വീസ് റോഡ് നിര്‍മ്മാണം നടത്തുന്നതിനെടിരെയാണ് നാട്ടുകാരും അടിപ്പാത ആക്ഷന്‍ കമ്മിറ്റിയും തടഞ്ഞത്.
കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രണ്ട് ബസ് പോലീസിന്റെ അകമ്പടിയോടെയാണ് പ്രവര്‍ത്തി ആരംഭിക്കാനുള്ള നീക്കം നടത്തിയത്. എന്നാല്‍ അടിപ്പാത ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തമായി പ്രതിഷേധിച്ചതോടെ ക്രമസമാധാന പ്രശ്‌നം മുന്‍നിര്‍ത്തി എസ്പി ഇടപെട്ട് താല്‍ക്കാലികമായി പ്രവര്‍ത്തി നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു.
നിലവില്‍ ചര്‍ച്ചയിലൂടെ ഒരു ദിവസം കൊണ്ട് പരിഹാരം കണ്ടെത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇല്ലെങ്കില്‍ നിര്‍മ്മാണ പ്രവര്‍ത്തിയുമായി മുന്നോട്ടു പോകാനാണ് ദേശീയപാത നിര്‍മ്മാണ കമ്പനിയുടെ തീരുമാനം. കഴിഞ്ഞ ദിവസം എം. പി ഷാഫി പറമ്പിലുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതനുസരിച്ച് രണ്ടാഴ്ച സമയത്തിനുള്ളില്‍ പരിഹാരം കണ്ടെത്താമെന്ന് ഉറപ്പ് നല്‍കിയതായി ആക്ഷന്‍ കമ്മിറ്റി അംഗം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
എന്നാല്‍ വഗാര്‍ഡ് അധികൃതര്‍ രണ്ടാഴ്ച സമയം നല്‍കിയിട്ടില്ലെന്നും ഒരു ദിവസം കൊണ്ട് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ കളക്ടറുടെ ഉത്തരവ് പ്രകാരം സര്‍വ്വീസ് റോഡ് പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകുമെന്നും തടയുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വാകരിക്കുമെന്നും പറഞ്ഞു. എന്നാല്‍ ഏതുവിധേനെയും അടിപ്പാത നിര്‍മ്മാണം ആരംഭിക്കാതെ സര്‍വീസ് റോഡ് നിര്‍മ്മാണം തടങ്ങിയാല്‍ ആക്ഷന്‍ കമ്മിറ്റിയുടേയും നാട്ടുകാരുടേയും നേതൃത്വത്തില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനം.