പെരുവട്ടൂര്‍ ചാലോറ മലയില്‍ നിന്നും മണ്ണെടുക്കാനുള്ള നീക്കം തടഞ്ഞ് പ്രദേശവാസികള്‍; മണ്ണെടുക്കുന്ന സ്ഥലത്തേക്ക് റോഡുവെട്ടാനെത്തിയ സംഘത്തെ തിരിച്ചയച്ച് നാട്ടുകാര്‍
കൊയിലാണ്ടി: പെരുവട്ടൂര്‍ കോട്ടക്കുന്ന്- ചാലോറ മലയിലെ മണ്ണെടുക്കുന്നതിനായി റോഡ് നിര്‍മ്മിക്കാനുള്ള നീക്കം പ്രദേശവാസികളുടെ നേതൃത്വത്തില്‍ തടഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയാണ് ചാലോറ മേഖലയില്‍ ഹിറ്റാച്ചിയുള്‍പ്പെടെയുള്ള വാഹനങ്ങളുമായെത്തിയ സംഘത്തെ പ്രദേശവാസികള്‍ തടഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ വാഹനങ്ങളുമായി തിരിച്ചുപോകുകയായിരുന്നു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി വാഗാഡ് കമ്പനിയ്ക്കുവേണ്ടി അവര്‍ ചുമതലപ്പെടുത്തിയ ഒരു ഏജന്‍സിയാണ് ചാലോറ മലയില്‍ നിന്നും മണ്ണെടുക്കാന്‍ നീക്കം നടത്തുന്നത്. നേരത്തെ ഇതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ സംഘം മണ്ണെടുക്കാനുള്ള നീക്കം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. ഇതിനിടയില്‍ പ്രദേശത്തെ 80 സെന്റ് വരുന്ന ഭൂമി നാല് സ്വകാര്യ വ്യക്തികളില്‍ നിന്നായി ഈ ഏജന്‍സി വാങ്ങുകയും ഇവിടെ നിന്നും അന്‍പതിനായിരം ക്യുബിക് ടണ്‍ മണ്ണ് എടുക്കാനുള്ള ജിയോളജി വകുപ്പില്‍ നിന്നും അനുമതി നേടുകയും ചെയ്‌തെന്നും ഇവിടേക്ക് റോഡ് നിര്‍മ്മിക്കാനായി എത്തിയ സംഘത്തെയാണ് തടഞ്ഞതെന്നും നാട്ടുകാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
നിലവില്‍ മണ്ണെടുക്കാന്‍ ശ്രമം നടക്കുന്ന സ്ഥലത്തിന് സമീപത്തായി നാല് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവരുള്‍പ്പെടെയുള്ള നാട്ടുകാര്‍ വലിയ ആശങ്കയിലാണ്. ഇതിനെതിരെ നഗരസഭയ്ക്കും, കലക്ടര്‍ക്കും വില്ലേജ് അധികൃതര്‍ക്കുമെല്ലാം പരാതി നല്‍കിയെങ്കിലും ഒരിക്കല്‍പ്പോലും പ്രദേശവാസികളുടെ ആശങ്ക അറിയാനോ പരിഹരിക്കാനോ ഉള്ള ശ്രമങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. ഈ പരാതികളിന്‍മേല്‍ യാതൊരു നടപടിയുണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും പ്രദേശത്തെ ചാലോറ ക്ഷേത്ര ആചാരത്തിനും ഭീഷണിയാകുന്ന മണ്ണെടുക്കലിനെതിരെ സമരം ശക്തമാക്കാന്‍ ആണ് ജനകീയ സമിതിയുടെ തീരുമാനം. പെരുവട്ടൂര്‍ പതിമൂന്നാം വാര്‍ഡിലെ കോട്ടക്കുന്ന്- ചാലോറ മലയിലാണ് പ്രദേശത്ത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന മണ്ണെടുക്കലിന് നീക്കം നടക്കുന്നത്. ചാലോറ മലയില്‍ നിന്നും മണ്ണെടുക്കുന്നത് പ്രദേശത്തെ ജനങ്ങളെ ഏതു രീതിയില്‍ ബാധിക്കും എന്ന് പരിശോധിക്കാതെയാണ് വാഗാഡ് കമ്പനിയും അധികൃതരും നടപടികളുമായി മുന്നോട്ടുപോകുന്നത് എന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും പ്രദേശത്തെ ചാലോറ ക്ഷേത്ര ആചാരത്തിനും ഭീഷണിയാകുന്ന മണ്ണെടുക്കലിനെതിരെ ഒട്ടനവധി സമരമുഖങ്ങളുമായി മുന്നോട്ടുപോകാനാണ് ജനകീയ സമിതി തീരുമാനിച്ചത്. ഇതിന്റെ മുന്നോടിയായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ സമരപന്തല്‍ നിര്‍മിച്ചു പ്രതിഷേധിച്ചിരുന്നു. ചാലോറ മലയില്‍ നിന്നും മണ്ണെടുത്ത് തുടങ്ങിയാല്‍ പ്രദേശത്ത് ഉരുള്‍പൊട്ടലും ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്നാണ് ജനങ്ങളുടെ ഭയം.
മണ്ണെടുക്കുന്നതോടെ പ്രദേശത്തെ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്നും നാട്ടുകാര്‍ പറയുന്നു. ഈമലയുടെ ഓരത്തുവരുന്ന ഭാഗങ്ങളൊഴികെ മിക്കയിടത്തും രൂക്ഷമായ കുടിവെള്ള പ്രശ്‌നമുണ്ടാകാറുണ്ട്. അപ്പോഴും ഈ മലയടിവാരത്തുള്ളവര്‍ക്ക് ജലക്ഷാമമുണ്ടാകാതെ സംരക്ഷിക്കുന്നത് ഇവിടുത്തെ പരിസ്ഥിതിയാണ്. ഓരോ അടി മണ്ണെടുക്കുമ്പോഴും സമീപത്തെ പുഴയില്‍ നിന്ന് ഉപ്പുവെള്ളം കിണറുകളില്‍ കയറി വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിവരും. ഈ മലയുടെ ഒരു ശക്തി കാലാവസ്ഥ നിയന്ത്രിക്കുന്നുണ്ട്. പടിഞ്ഞാറന്‍ കാറ്റിനെ തടഞ്ഞു നിര്‍ത്തി നാടിനെ സംരക്ഷിക്കുന്നു. ഒട്ടനവധി പ്രത്യേകതയുള്ള ഈ മലയെ ആണ് ചില സ്വകാര്യ വ്യക്തികള്‍ ചേര്‍ന്നു വാഗാഡിനു തീറെഴുതി കൊടുത്തു നാടിനു വലിയ ദുരന്തം വിളിച്ചുവരുത്തുമെന്നും പ്രദേശവാസികള്‍ പറയുന്നു.