നിങ്ങള്‍ക്കും സംരംഭകരാകാം; മേപ്പയ്യൂരില്‍ ലോൺ ലൈസൻസ് സബ്‌സിഡി മേള


മേപ്പയ്യൂര്‍: വ്യവസായ വാണിജ്യ വകുപ്പിന്റെയും മേപ്പയൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മേപ്പയൂർ ഗ്രാമപഞ്ചായത്തില്‍ ലോൺ ലൈസൻസ് സബ്‌സിഡി മേള സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന മേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന്‌ മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സുധീഷ് കുമാർ ലോൺ, ലൈസൻസ്, സബ്‌സിഡി വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. മേപ്പയൂർ ഫെഡറൽ ബാങ്ക് ഓഫീസർ ജിബി മോൾ ജോർജ് സംരംഭകരുമായി സംവദിച്ചു. 34 പേർ പങ്കെടുത്ത മേളയിൽ ഉദ്യം രജിസ്ട്രേഷൻ, കെ സിഫ്റ്റ് ഡിക്ലറേഷൻ, ലോൺ സാങ്ഷൻ ലെറ്റർ നൽകൽ, ലോൺ ആപ്ലിക്കേഷൻ സ്വീകരിക്കൽ എന്നിവ നടന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.പി ശോഭ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ശ്രീജ, ലീല എന്നിവർ ചടങ്ങിൽ ആശംസയും പഞ്ചായത്ത് ഇഡിഇ അഞ്ജലി കൃഷ്ണ നന്ദിയും പറഞ്ഞു. ചടങ്ങിൽ മേലടി ബ്ലോക്ക്‌ വ്യവസായ വികസന ഓഫീസർ സുധീഷ് കുമാർ സ്വാഗതം പറഞ്ഞു.