പത്ത് വർഷം മുമ്പ് കൊയിലാണ്ടിക്കാരൻ സജീഷ് തീരുമാനിച്ചു, തന്റെ ലോകം നാല് ചുവരുകൾക്കുള്ളിൽ ഇനി ഒതുങ്ങില്ല; തോറ്റുപോയെന്ന് തോന്നുന്നവര്‍ക്ക് ഒരു പാഠപുസ്തകമാണ് ഈ ജീവിതം
കൊയിലാണ്ടി: വെല്ലുവിളികളെ നേരിടേണ്ടി വരുമ്പോള്‍ ജീവിതം മടുത്തെന്ന് തോന്നാറുണ്ടോ നിങ്ങള്‍ക്ക് ? എങ്കില്‍ രോഗാവസ്ഥയിലും വെല്ലുവിളികളെ പുഞ്ചിരികൊണ്ട് നേരിട്ട്, ജീവിതം ആസ്വദിക്കുന്ന കൊയിലാണ്ടിക്കാരന്‍ സജീഷ് കുമാറിന്റെ ജീവിത കഥ നിങ്ങള്‍ കേള്‍ക്കണം. തോറ്റുപോയൊന്ന് തോന്നുന്നവര്‍ക്ക് ഒരു പാഠപുസ്തകമാണ് പന്തലായനി പ്രശാന്തിയില്‍ സജീഷ് കുമാര്‍.
മമ്മൂട്ടിയുടെ കടുത്ത ആരാധകനായ, പുസ്തകങ്ങളിലൂടെ ലോകത്തെ അറിഞ്ഞ, യാത്രകളെ ഇഷ്ടപ്പെടുന്ന സജീഷിന്റെ ജീവിതം 10വര്‍ഷം മുമ്പ് വരെ വീടിന്റെ നാല് ചുവരുകള്‍ക്കുള്ളിലായിരുന്നു. പിന്നീട് വന്നുചേര്‍ന്ന ഇലക്ട്രിക് വീല്‍ചെയറാണ് തന്റെ ജീവിതം തന്നെ കീഴ്‌മേല്‍ മറിച്ചതെന്നാണ് സജീഷ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമുമായി സംസാരിക്കുന്നതിനിടെ പറഞ്ഞത്. ഇപ്പോള്‍ ജീവിതം ആസ്വദിക്കുന്നുണ്ടെങ്കിലും കഴിഞ്ഞു പോയ കാലത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ സജീഷിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
ജനിച്ച് കുറച്ച് നാള്‍ കഴിഞ്ഞാണ് സജീഷിന് സെറിബ്രല്‍ പാള്‍സിയാണെന്ന് മാതാപിതാക്കളായ മാധവിയമ്മയും ദാമോദരനും അറിയുന്നത്. കേട്ടപ്പോള്‍ ഹൃദയം നുറുങ്ങിയെങ്കിലും തോറ്റുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല. പിന്നീടങ്ങോട്ട് സജീഷിന്റെ വെളിച്ചം ആ അച്ഛനും അമ്മയുമായിരുന്നു. വിശേഷങ്ങള്‍ പറഞ്ഞും അറിഞ്ഞും സജീഷ് വലുതായി. പിന്നീട് സ്‌ക്കൂളില്‍ ചേര്‍ക്കേണ്ട സമയമായപ്പോള്‍ അധ്യാപികയായ മാധവിയമ്മ മകന് വീട്ടില്‍ തന്നെ ട്യൂഷന്‍ ഏര്‍പ്പാടാക്കി. തുടര്‍ന്ന് പത്താം ക്ലാസ് പഠനത്തിനുശേഷം പീഡിഗ്രിയും പഠിച്ചെടുത്തു സജീഷ്.
ഈ സമയത്താണ് വീല്‍ച്ചെയറിലേക്ക് മാറുന്നത്. അതോടെ വീട്ടിലെ മുറിയില്‍ നിന്നും മുറ്റത്തേക്കും മറ്റു മുറികളിലേക്കുമെല്ലാം ആ ചെറുപ്പക്കാരന്‍ മെല്ലെ നീങ്ങി തുടങ്ങി. ജീവിതത്തില്‍ കുറച്ച് കൂടെ ആശ്വാസം പകരുന്നതായിരുന്നു വീല്‍ച്ചെയറിലേക്കുള്ള മാറ്റം. അപ്പോഴും പുറം ലോകം കാണാനും കൂട്ടുകാരെ കാണാനും ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിനുള്ള വഴികളൊന്നും തന്നെ അക്കാലത്ത് ഉണ്ടായിരുന്നില്ല.
ഇതിനിടയില്‍ വിവാഹ പ്രായമെത്തിയപ്പോള്‍ മാധവിയമ്മ മുന്‍കൈ എടുത്ത് സജീഷിനെ വിവാഹം കഴിപ്പിക്കുകയും ചെയ്തു. ഷേര്‍ളി കൂടി വന്നതോടെയാണ് സജീഷിന്റെ ജീവിതം ഏറെക്കുറെ മാറിയത്. അപ്പോഴും പുറംലോക കാഴ്ചകള്‍ കാണണമെന്ന ആഗ്രഹം മനസില്‍ കൊണ്ടു നടന്നിരുന്നു. ഇക്കാര്യമറിഞ്ഞ ഒരു കുടുംബസുഹൃത്താണ് ഇലക്ട്രിക് വീല്‍ച്ചെയറിനെക്കുറിച്ച് സജീഷിനോട് പറയുന്നത്.
പിന്നെ അധിക നാള്‍ കാത്തില്ല. ബാംഗ്ലൂരിലെ ഒരു കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടു. സജീഷിന്റെ അവസ്ഥ മനസിലാക്കിയ കമ്പനി അധികൃതര്‍ അതിനനുസരിച്ച് ഒരു ഇലക്ട്രിക് ചെയര്‍ ഉണ്ടാക്കി നല്‍കി. ഏതാണ്ട് ഒന്നര ലക്ഷം മുടക്കിയാണ് സജീഷ് ചെയര്‍ സ്വന്തമാക്കിയത്.
പിന്നീടങ്ങോട്ട് സജീഷ് വീട്ടില്‍ ഒതുങ്ങിയിരുന്നിട്ടില്ല. വീല്‍ചെയര്‍ വീട്ടിലെത്തി ആദ്യ രണ്ട് ദിവസം കൊണ്ടു തന്നെ നാട് കാണാനിറങ്ങി. വര്‍ഷങ്ങളായി വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടിയ സജീഷിന് ശരിക്കും പറഞ്ഞാല്‍ അതൊരു രണ്ടാം ജന്മമായിരുന്നു. പിന്നീട് എല്ലാ ദിവസവും കൊയിലാണ്ടി ടൗണിലെ സ്ഥിരം സന്ദര്‍ശകനായി സജീഷ്.
വീട്ടിലേക്ക് വേണ്ട പച്ചക്കറികളും മീനും തുടങ്ങി എന്താവശ്യത്തിനും കഴിഞ്ഞ പത്ത് വര്‍ഷമായി സജീഷ് തന്നെയാണ് ടൗണിലേക്ക് പോവുന്നത്. ഇടയ്ക്ക് തട്ടുകടയില്‍ നിന്നും ചായകുടിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം സൊറ പറഞ്ഞിരിക്കും. അതുമല്ലെങ്കില്‍ തിയേറ്ററില്‍ പോയി സിനിമ കാണും. കടുത്ത മമ്മൂട്ടി ആരാധകനായ സജീഷ് ‘വര്‍ഷം’ ആണ് ആദ്യമായി തിയേറ്ററില്‍ പോയി കണ്ട മമ്മൂട്ടി ചിത്രം. ഇറങ്ങുന്ന എല്ലാ മമ്മൂട്ടി സിനിമകളും കാണാന്‍ സജീഷിന് ആഗ്രഹമുണ്ട്. എന്നാല്‍ തിയേറ്ററില്‍ പോവുമ്പോള്‍ ഒരാള്‍ കൂടി സഹായത്തിന് ഉണ്ടെങ്കില്‍ നല്ലതാണെന്നാണ് സജീഷ് പറയുന്നത്. മാത്രമല്ല, മമ്മൂട്ടിയെ ഒരിക്കലെങ്കിലും നേരില്‍ കാണണമെന്നും ആഗ്രഹമുണ്ട്.
സിനിമ പോലെ തന്നെ വായനയും ഇഷ്ടപ്പെടുന്ന ആളാണ് സജീഷ്. വീല്‍ചെയറില്ലാതെ വീട്ടിലെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിയേണ്ടി വന്നപ്പോള്‍ അമ്മ കൊണ്ടുതന്ന പുസ്തകങ്ങളായിരുന്നു ഏക ആശ്വാസമെന്നാണ് സജീഷ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞത്.
ഇലക്ട്രിക് വീല്‍ചെയറിലെ യാത്ര എളുപ്പമായപ്പോള്‍ ചെറിയ രീതിയില്‍ ലോട്ടറി കച്ചവടം ചെയ്തു തുടങ്ങിയിരുന്നു. എന്നാലിപ്പോള്‍ അമ്മ സുഖമില്ലാതെ കിടപ്പിലായപ്പോള്‍ കച്ചവടം നിര്‍ത്തിവെച്ചിരിക്കുകയാണ്. കുഞ്ഞു നാള്‍ മുതല്‍ വെളിച്ചമായി നിന്ന അമ്മയെ പരിചരിക്കാന്‍ ഞാനല്ലാതെ വേറെ ആരുണ്ട് എന്നാണ് സജീഷ് ചോദിക്കുന്നത്. ജീവിതത്തില്‍ അമ്മ കഴിഞ്ഞിട്ടേ എനിക്ക് മറ്റെന്തും ഉള്ളൂ. അത്രത്തോളം അമ്മ എനിക്കായി കഷ്ടപ്പെട്ടിട്ടുണ്ട്. പലപ്പോഴും എനിക്ക് വേണ്ടി എവിടെയും പോവാതെ അമ്മ കാവലിരുന്നിട്ടുണ്ട്…….അമ്മയെക്കുറിച്ച് പറഞ്ഞപ്പോള്‍ സജീഷിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
വീല്‍ച്ചെയറിലൂടെ കൊയിലാണ്ടിയില്‍ സ്ഥിരമായി വരുന്നുണ്ടെങ്കിലും കെട്ടിടങ്ങളും മറ്റും ഭിന്നശേഷി സൗഹൃദമാക്കാത്തതില്‍ സജീഷിന് ചെറിയ പരാതിയുണ്ട്. എന്നെപ്പോലുള്ളവര്‍ ഷോപ്പുകളിലും മറ്റും എങ്ങനെ എത്തിപ്പെടുമെന്നാണ് സജീഷിന്റെ ചോദ്യം. മുമ്പ് ഒരു ഷോപ്പില്‍ പോയപ്പോള്‍ അകത്തേക്ക് കടക്കാന്‍ കഴിയാതെ അവിടെ നിന്ന് കടക്കാരനെ വിളിച്ചപ്പോള്‍ അയാള്‍ വന്ന് ഒരു രൂപ തന്ന് പോയത് സജീഷ് തമാശയോടെ ഓര്‍ത്തെടുത്തു.
എങ്കിലും സജീഷിന് ആരോടും പരാതിയില്ല. ജീവിതത്തില്‍ ഒന്നിനോടും തോറ്റുകൊടുക്കാന്‍ തയ്യാറല്ലെന്ന് അയാളുടെ വാക്കിലും പ്രവൃത്തിയിലുമുണ്ട്. അതുകൊണ്ടു തന്നെ വെല്ലുവിളികളും വിഷമങ്ങളും വരുമ്പോള്‍ ആരും പതറിപ്പോവരുതെന്നാണ് സജീഷിന് പറയാനുള്ളത്. ജീവിതത്തില്‍ കിട്ടിയ കഴിവുകളെ കൃത്യമായി മനസിലാക്കി അതിനെ ഓരോ നാളും മികച്ചതാക്കി എടുത്ത് ജീവിതത്തില്‍ മുന്നേറണം. നമ്മളേക്കാള്‍ കഷ്ടപ്പെടുന്നവര്‍ നമുക്ക് ചുറ്റമുണ്ട്. അപ്പോഴും ഇങ്ങനെ പുറംലോകത്തേക്ക് വരാനെങ്കിലും എനിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള ജീവിതത്തില്‍ ഹാപ്പിയാണെന്ന് സജീഷ് പറയുന്നത്.